Currency

കോവിഡ് പോസിറ്റീവ്: ആരോഗ്യവിഭാഗത്തെ അറിയിച്ചില്ലെങ്കില്‍ തടവും പിഴയും

സ്വന്തം ലേഖകന്‍Friday, February 19, 2021 4:34 pm
uae-covid

അബുദാബി: കോവിഡ് പോസിറ്റീവ് ആയവര്‍ വിവരം ആരോഗ്യവിഭാഗത്തെ അറിയിക്കാതിരുന്നാല്‍ തടവും പിഴയും. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും അക്കാര്യം ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തെ അറിയിക്കണം. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ശക്തമാക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയുണ്ടാകുമെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

കോവിഡ് ഉള്‍പ്പെടെ സാംക്രമിക രോഗം ബാധിച്ചവരും സമ്പര്‍ക്കം പുലര്‍ത്തിയവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് വിവരം ധരിപ്പിക്കുന്നതോടെ രോഗിയുടെ അവസ്ഥ മനസിലാക്കി ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കും. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധന നടത്തും.

ഗുരുതര രോഗമുള്ളവരെ ആശുപത്രിയിലേക്കു മാറ്റും. അല്ലാത്തവരെ സ്മാര്‍ട് വാച്ച് ധരിപ്പിച്ച് ഹോം/ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീനിലേക്കു മാറ്റും. ക്വാറന്റീന്‍ നിയമം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും രോഗികളെ നിരന്തര നിരീക്ഷിക്കുന്നതിനുമാണ് സ്മാര്‍ട് വാച്ച് ധരിപ്പിക്കുന്നത്.

സ്മാര്‍ട് വാച്ചിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ 10,000 പിഴയുണ്ട്. പ്രത്യേകം ശുചിമുറിയുള്ള റൂമുണ്ടെങ്കില്‍ മാത്രമേ വീട്ടില്‍ ക്വാറന്റീനിലേക്കു വിടൂ. അല്ലാത്തവരെ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീനിലേക്കു മാറ്റും. കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും ക്വാറന്റീനില്‍ കഴിയുകയും കൃത്യമായ ഇടവേളകളില്‍ പിസിആര്‍ നടത്തുകയും ചെയ്യണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x