ദോഹ: വാക്സീന്‍ എടുത്തവരും അല്ലാത്തവരും കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് ഹമദ് കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസലമണി നിര്‍ദേശിച്ചു. ഡിസംബര്‍ 23ന് ആരംഭിച്ച ആദ്യഘട്ട കോവിഡ് വാക്സിനേഷന്‍ ഈ മാസം 31 വരെയാണ്.
വാക്സീന്‍ മുഴുവന്‍ ഡോസും സ്വീകരിച്ച എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. 2 ഡോസ് വാക്സീന്‍ നല്‍കുന്നതില്‍ ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ്. മാസ്‌ക് ധരിക്കല്‍, അകലം പാലിക്കല്‍, കൈകള്‍ വൃത്തിയായി സൂക്ഷിക്കല്‍ തുടങ്ങിയ മുന്‍കരുതലുകളില്‍ പൊതുജനങ്ങള്‍ വീഴ്ച വരുത്തരുതെന്നും നിര്‍ദേശിച്ചു.
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ലംഘിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരും. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ ഒഴികെ വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേരില്‍ കൂടുതല്‍ പാടില്ല. ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിച്ച് വീടിന് പുറത്തിറങ്ങിയ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ ഒട്ടേറെ പേരെയും ഇതിനകം അധികൃതര്‍ അറസ്റ്റ് ചെയ്തു കഴിഞ്ഞു. 1990 ലെ 17-ാം നമ്പര്‍ പകര്‍ച്ചവ്യാധി പ്രതിരോധ നിയമം, സമൂഹ സംരക്ഷണം സംബന്ധിച്ച 2002ലെ 17-ാം നമ്പര്‍ നിയമം എന്നിവ പ്രകാരമാണ് നടപടി. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പരമാവധി 2 ലക്ഷം റിയാല്‍ വരെ പിഴയും 3 വര്‍ഷം വരെ തടവും അല്ലെങ്കില്‍ ഏതെങ്കിലും ഒരു ശിക്ഷയോ അനുഭവിക്കേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.