
Sabah Al-Ahmad Al-Jaber Al-Sabah, Emir of Kuwait
കുവൈറ്റ് സിറ്റി: പതിനഞ്ച് ഇന്ത്യക്കാരുടെ വധശിക്ഷ കുവൈറ്റ് ജീവപര്യന്തമാക്കിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ്മ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. 119 ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷയില്‍ ഇളവ് നല്‍കാനും കുവൈറ്റ് അമീര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശിക്ഷ ഇളവിലൂടെ ജയില്‍ മോചിതരാകുന്നവരെ നാട്ടിൽ തിരിച്ചെത്താനുള്ള എല്ലാ സഹായവും നൽകാൻ കുവൈറ്റ് എംബസിക്ക് നിര്‍ദേശം നല്‍കിയതായും സുഷമ സ്വരാജ് അറിയിച്ചു.
തടവുശിക്ഷാ കാലാവധി കുറച്ച 119 പേരിൽ 22 പേരെ ഉടൻ മോചിപ്പിക്കും. 53 പേരുടേത് ജീവപര്യന്തത്തിൽനിന്ന് 20 വർഷമായും 18 പേരുടേത് ശിക്ഷാകാലവധിയുടെ നാലിലൊന്നായും 25 പേരുടേത് പകുതിയായും ഒരാളുടേത് നാലിൽ മൂന്നായുമാണ് ഇളവ് നൽകിയിരിക്കുന്നത്. ഇളവ് ലഭിച്ചിരിക്കുന്നവരിൽ മലയാളികൾ ഉൾപ്പെടുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല.
മുസ്തഫ ഷാഹുൽ ഹമീദ്, ഫൈസൽ മഞ്ചത്തു ഷാലിൽ, അബുബക്കർ സിദ്ദിഖ് അബ്ദുൽ ഖാദിർ, നിയാസ് മുഹമ്മദ് ഹനീഫ, ഹരികുമാർ പാഞ്ചാലപതി, മുഹമ്മദ് റാസിക്ക് ഷെയ്ഖ്, മുബാറക്ക് ബാഷാ ഷെയ്ഖ്, മസ്താൻവാല പീർജിയോ, കിരൺ കുമാർ ചാറപ്പള്ളി, വികാസ് വിധുപാൽ, സയാം സിറാജ് മുഹമ്മദ് ഇബ്രാഹിം, രാമൻ ജാലു, ശ്രീനിവാസൻ രാജാ ശ്രീനിവാസൻ, ഗുർജന്ദ് മക്കൻ സിങ്, പ്രഭാകർ ധരുരി ബൽറാം എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമായി കുറച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.