Currency

സൗദിയില്‍ തൊഴിലാളികളുടെ ആനുകൂല്യവും ശമ്പളവും വൈകിച്ചാല്‍ കടുത്ത നടപടി

സ്വന്തം ലേഖകന്‍Monday, August 5, 2019 4:14 pm

ജിദ്ദ: സൗദിയില്‍ തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും വൈകിച്ചാല്‍ വന്‍പിഴ. സ്ത്രീ ജീവനക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കിയില്ലെങ്കിലും 25,000 റിയാല്‍ വരെ പിഴ ഉണ്ടാവും. ശമ്പളം നിശ്ചിത സമയത്ത് നല്‍കാത്ത സ്ഥാപനത്തിനും തൊഴിലുടമക്കും ഒരു തൊഴിലാളിക്ക് 3000 റിയാല്‍ വീതമാണ് പിഴ. തൊഴിലാളികളുടെ ശമ്പളം തടഞ്ഞു വെക്കുന്നതും രസീതില്ലാതെ ശമ്പളം കുറച്ചു നല്‍കിയാലും പിഴയുണ്ടാകും. ജോലിക്കിടെ പരിക്കേല്‍ക്കുന്ന തൊഴിലാളികള്‍ക്ക് ചികിത്സ നല്‍കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്.

ജോലിയില്‍നിന്ന് വിരമിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ ശമ്പളവും ആനുകൂല്യങ്ങളും തൊഴിലുടമ നല്‍കിയിരിക്കണം. കരാര്‍ കലാവധി തീര്‍ന്നാല്‍ രണ്ടാഴ്ചക്കിടയില്‍ വേതനവും ആനുകൂല്യവും നല്‍കിയിരിക്കണം. ഇതു വൈകിയാല്‍ 10,000 റിയാല്‍ പിഴ നല്‍കണമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണെങ്കില്‍ അവര്‍ക്ക് അനുയോജ്യമായ സൗകര്യമൊരുക്കിയിരിക്കണം. അല്ലാത്ത സ്ഥാപനങ്ങള്‍ക്ക് 25,000 റിയാലായിരിക്കും പിഴ. മതിയായ സുരക്ഷ ജീവനക്കാരെയോ, ഇലക്‌ട്രോണിക് സുരക്ഷ സംവിധാനങ്ങളോ ഒരുക്കാതിരുന്നാല്‍ 20,000 റിയാലായിരിക്കും പിഴ. സ്ത്രീകളായ ജോലിക്കാര്‍ക്ക് നമസ്‌കാരത്തിനും വിശ്രമത്തിനും അംഗ ശുചീകരണത്തിനും പ്രത്യേക സ്ഥലവും ഒരുക്കിയിരിക്കണം. പ്രത്യേക ഇരിപ്പിടമൊരുക്കിയില്ലെങ്കില്‍ പിഴ 5000 റിയാലായിരിക്കും. ഒരു ഷിഫ്റ്റില്‍ രണ്ടോ അതില്‍ കൂടുതലോ സ്ത്രീകളെ നിയോഗിക്കണം.

ഒരു സ്ത്രീ മാത്രമോ പുരുഷനോടൊപ്പം തനിച്ചോ ജോലിക്ക് വെച്ചാല്‍ 25,000 റിയാല്‍ പിഴ ഉണ്ടാവും. സ്ഥാപനങ്ങള്‍ നിശ്ചിത സുരക്ഷ ചട്ടങ്ങള്‍ പാലിച്ചിരിക്കണം. അതു ലംഘിച്ചാലുള്ള പിഴകളും വര്‍ധിപ്പിച്ചിട്ടുണ്ട്. വാരാന്ത്യ ലീവ് അനുവദിക്കാതിരിക്കുക, കൂടുതല്‍ സമയം ജോലിയെടുപ്പിക്കുക, വ്യവസ്ഥ പ്രകാരമുള്ള ലീവ് നല്‍കാതിരിക്കുക എന്നിവക്ക് ഒരു തൊഴിലാളിക്ക് 10,000 റിയാല്‍ വീതം തൊഴിലുടമക്ക് പിഴയുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x