Currency

മഞ്ഞുള്ള സമയത്തു ഗതാഗത നിയമം ലംഘിച്ചാല്‍ കനത്തശിക്ഷ

സ്വന്തം ലേഖകന്‍Friday, October 12, 2018 8:33 am

അബുദാബി: മഞ്ഞുള്ള സമയത്തു ഗതാഗത നിയമം പാലിക്കാതെ വാഹനമോടിക്കുന്ന ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവര്‍മാര്‍ക്കു 1000 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയിന്റും ശിക്ഷയുമുണ്ടാകുമെന്ന് അബുദാബി പൊലീസ്. ഇതു സംബന്ധിച്ച് ജനങ്ങളെ ബോധവല്‍കരിക്കുന്നതിനായി ഗതാഗതവകുപ്പുമായി സഹകരിച്ചു പ്രത്യേക ക്യാംപെയിനും ആരംഭിച്ചതായി ട്രാഫിക്, പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖൈലി പറഞ്ഞു.

മുന്നറിയിപ്പു സിഗ്‌നലുകളുടെ ദുരുപയോഗംമൂലം അപകടം ക്ഷണിച്ചുവരുത്തി നിരവധിപേരുടെ മരണത്തിനും പരുക്കിനും കാരണമായ ഒട്ടേറെ അപകടങ്ങള്‍ കഴിഞ്ഞ കാലങ്ങളിലുണ്ടായ പശ്ചാത്തലത്തിലാണു തീരുമാനം. മഞ്ഞുവീഴ്ചയുള്ളപ്പോള്‍ വേഗം കുറച്ചും മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിച്ചും വാഹനം ഓടിക്കണം. ലോ ബീം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ. ഈ സമയങ്ങളില്‍ ഓവര്‍ടേക്കിങോ ലെയ്ന്‍ മാറ്റമോ പാടില്ല.

പരസ്പരം കാണാത്തവിധം ദൂരക്കാഴ്ച കുറഞ്ഞാല്‍ വാഹനം റോഡില്‍നിന്നും സുരക്ഷിത അകലത്തിലേക്ക് മാറ്റി നിര്‍ത്തിയിട്ടശേഷം ഹസാര്‍ഡ് ലൈറ്റ് ഇടുകയാണു വേണ്ടതെന്നും അബുദാബി പൊലീസ് ഓര്‍മിപ്പിച്ചു. മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനമോടിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയിന്റും ലഭിക്കും. ഇതുസംബന്ധിച്ച് ഇംഗ്ലീഷ്, അറബിക്, ഉര്‍ദു ഭാഷകളില്‍ സമൂഹമാധ്യമങ്ങളില്‍ ബോധവല്‍കരണവും നടത്തിവരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x