Currency

അബുദാബിയില്‍ നിയമാനുസൃതമല്ലാതെ പട്ടിയുമായി നടക്കാനിറങ്ങിയാല്‍ 5000 ദിര്‍ഹം പിഴ

സ്വന്തം ലേഖകന്‍Wednesday, July 24, 2019 3:07 pm

അബുദാബി: ചങ്ങലയില്ലാതെ പട്ടിയുമായി നടക്കാനിറങ്ങിയാല്‍ 5000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. ഷോപ്പിങ് മാളുകളിലോ ഭക്ഷണശാലകളിലോ പട്ടിയുമായി പോകാനും അനുവാദമില്ല. പട്ടികള്‍ക്കും പൂച്ചകള്‍ക്കും പുറമേ മറ്റ് മൃഗങ്ങളെ അനുമതിയില്ലാതെ വാസസ്ഥലങ്ങളില്‍ വളര്‍ത്തുന്നത് 5000 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്. മൃഗസംരക്ഷണ ബോധവത്കരണ പദ്ധതിയുടെ ഭാഗമായാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്.

വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഒറ്റയ്ക്ക് വിടുന്നത് 2000 ദിര്‍ഹം പിഴ ലഭിക്കുന്ന കുറ്റമാണ്. സംരക്ഷണ പട്ടികയില്‍പ്പെടുന്ന മൃഗത്തെ വിറ്റാല്‍ 10,000 ദിര്‍ഹമാണ് പിഴ. രോഗം ബാധിച്ച മൃഗത്തെ വില്‍പ്പന നടത്തിയാല്‍ 3000 ദിര്‍ഹം പിഴ ലഭിക്കും.

അതേസമയം 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ വളര്‍ത്തുമൃഗവുമായി പുറത്തിറങ്ങുന്നതും 3000 ദിര്‍ഹം പിഴയ്ക്കുള്ള കുറ്റമാണ്. കൃത്യമായ ഇടവേളകളില്‍ മൃഗങ്ങള്‍ക്ക് ആരോഗ്യ സുരക്ഷാ കുത്തിവെപ്പുകള്‍ നടത്തണമെന്ന് മുനിസിപ്പാലിറ്റി പൊതുസുരക്ഷാ വിഭാഗം മേധാവി ഡോ. സായിദ് മുഹമ്മദ് അല്‍ റുമൈതി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x