Currency

താമസാനുമതിയുള്ള വീട്ടുജോലിക്കാര്‍ ഡിസംബര്‍ ഏഴ് മുതല്‍ തിരിച്ചെത്തും; സജ്ജീകരണങ്ങളൊരുക്കി കുവൈത്ത്

സ്വന്തം ലേഖകന്‍Wednesday, December 2, 2020 1:36 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസാനുമതിയുള്ള വീട്ടുജോലിക്കാര്‍ ഡിസംബര്‍ ഏഴ് മുതല്‍ തിരിച്ചെത്തി തുടങ്ങും. കുവൈത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്ത ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലായി 80000 വീട്ടുജോലിക്കാര്‍ തിരിച്ചെത്താനുണ്ടെന്നാണ് താമസകാര്യ വിഭാഗത്തിന്റെ കണക്ക്.

കുവൈത്തില്‍ നിന്നും അവധിക്ക് പോയി കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക വിസക്കാര്‍ക്ക് ഡിസംബര്‍ ഏഴ് മുതല്‍ തിരിച്ചു വരാന്‍ കഴിയും. രണ്ടാഴ്ച ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിബന്ധനയോടെയാണ് അനുമതി. 270 ദീനാറാണ് ഇതിന് ചെലവ് കണക്കാക്കിയിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ടിക്കറ്റ് നിരക്ക് വ്യത്യസ്തമാണ്. ഇന്ത്യയില്‍ നിന്ന് വിമാന ടിക്കറ്റ് നിരക്ക് 110 ദീനാറില്‍ കൂടരുതെന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.

ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്ന ദൗത്യം ആരംഭിക്കാനിരിക്കെ വിമാനത്താവളത്തില്‍ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വ്യോമയാന വകുപ്പ് വക്താവ് സഅദ് അല്‍ ഉതൈബി പറഞ്ഞു. വീട്ടുജോലിക്കാരെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന സ്‌പോണ്‍സര്‍മാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ക്വാറന്റീന്‍ ചെലവ് സ്‌പോണ്‍സറില്‍ നിന്ന് ഈടാക്കും. കോവിഡ് പരിശോധന സര്‍ക്കാര്‍ ചെലവില്‍ നടത്തും. ക്വാറന്റീന്‍ കാലത്ത് കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x