
അബൂദബി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രായം കൂടിയാലും ആരോഗ്യമുണ്ടെങ്കില്‍ 60 വയസിനു ശേഷവും തൊഴില്‍ കരാര്‍ പുതുക്കാം. നിബന്ധനകള്‍ക്ക് വിധേയമായി മാത്രമാണ് ഈ അനുമതി നല്‍കുകയുള്ളുവെന്നും യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.
സമ്പൂര്‍ണ ആരോഗ്യവാനാണെന്ന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി പരിശോധിച്ച് നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഇതില്‍ പരമപ്രധാനം. ഗാര്‍ഹിക ജീവനക്കാരുടെ വൈദ്യപരിരക്ഷാ ചെലവുകള്‍ പൂര്‍ണമായും വഹിക്കാന്‍ തൊഴിലുടമ സന്നദ്ധമായിരിക്കണം, താമസ വിസ തുടരുവാന്‍ അംഗീകൃത ഏജന്‍സികളില്‍ നിന്ന് അനുമതി നേടണം എന്നിവയാണ് മുഖ്യ നിബന്ധനകള്‍. വര്‍ഷങ്ങളായി സേവനം നല്കി വരുന്ന ജീവനക്കാരെ നിലനിര്‍ത്താന്‍ സൗകര്യമൊരുക്കണമെന്ന് തൊഴിലുടമകളും കുടുംബാംഗങ്ങളും നിരന്തരമായി ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് മന്ത്രാലയത്തിലെ ഗാര്‍ഹിക തൊഴില്‍ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഖലീല്‍ ഖൂരി പറഞ്ഞു.
യു.എ.ഇയില്‍ നിന്ന് ജോലിക്കെടുത്തവരും മൂന്നു മാസത്തിനകം തൊഴില്‍ കരാറുകള്‍ കാലഹരണപ്പെട്ടവരുമായ തൊഴിലാളികളുടെ വിസ പുതുക്കലില്‍ മാത്രമാണ് ഈ പരിഷ്കരണം ബാധകമാവുക. വീട്ടുജോലിക്കാര്‍, സ്വകാര്യ നാവികര്‍, വാച്ച്മാന്, സെക്യൂരിറ്റി ഗാര്‍ഡ്, ഇടയന്, പാര്‍ക്കിങ് തൊഴിലാളി, വീട്ടിലെ കുതിര പരിപാലകര്‍, ഫാല്‍ക്കന്‍ പരിശീലകര്‍, സ്വകാര്യ കോച്ച്, അധ്യാപകര്‍, ആയ, വീടുകളിലെ കൃഷിത്തൊഴിലാളികള്‍, തോട്ടക്കാര്‍, സ്വകാര്യ നഴ്സ്, സ്വകാര്യ പി.ആര്.ഒ, പാചകക്കാര്‍ തുടങ്ങിയവരെയെല്ലാം ഇത്തരത്തില്‍ നിലനിര്‍ത്താനാവും. തദ്ബീര്‍ സേവന കേന്ദ്രങ്ങള്‍ മുഖേന ഇവരുടെ വിസ സേവനങ്ങള്‍ പൂര്‍ത്തിയാക്കാനാവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.