Currency

അഞ്ചു മിനിറ്റുനുള്ളില്‍ കോവിഡ് പരിശോധന; ഡ്രൈവ് ത്രൂ സംവിധാനവുമായി അബൂദബി

സ്വന്തം ലേഖകന്‍Monday, March 30, 2020 10:15 am

അബൂദബി: വാഹനത്തിലിരുന്ന് വെറും അഞ്ചു മിനിറ്റുകള്‍ക്കകം കോവിഡ് പരിശോധന നടത്താനുള്ള സംവിധാനം അബൂദബിയില്‍. വളരെ പെട്ടന്ന് കോവിഡ് പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ സംവിധാനത്തിനാണ് അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. വാഹനമോടിച്ച് ഇവിടെ എത്തുന്നവരുടെ അടുത്ത് ആരോഗ്യപ്രവര്‍ത്തകര്‍ എത്തി സ്രവം എടുക്കുകയാണ് ചെയ്യുക. അബുദാബി ആരോഗ്യവിഭാഗമായ സേഹയുടെ സഹായത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.

പരമാവധി പേര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ ടെസ്റ്റ് നടത്താനുള്ള അത്യന്താധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വാഹനത്തിലിരുന്ന് സ്വയം പരിശോധനയ്ക്കു വിധേയമായിട്ടായിരുന്നു ഉദ്ഘാടനം.

കോവിഡ് പരിശോധനക്ക് ഡ്രൈവ് ത്രൂ സംവിധാനം ഏര്‍പ്പെടുത്തുന്ന ലോകത്തെ അഞ്ചാമതു രാജ്യമെന്ന പ്രത്യേകത കൂടി ഇതോടെ യു.എ.ഇക്കു സ്വന്തം. സായിദ് സ്‌പോര്‍സ് സിറ്റിയില്‍ പ്രത്യേകം സജ്ജമാക്കിയ ടെന്റിലേക്ക് വാഹനമോടിച്ച് വരുന്നവര്‍ക്ക് സാനിറ്റൈസര്‍ നല്‍കി കൈകള്‍ വൃത്തിയാക്കുകയാണ് ആദ്യഘട്ടം. പിന്നീട് എമിറേറ്റ്‌സ് ഐഡി സ്‌കാന്‍ ചെയ്തശേഷം ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്ന അടുത്ത പോയിന്റിലേക്കു വാഹനമോടിച്ചുപോകണം.

സ്രവം കൈമാറി ശരീരോഷ്മാവ് രേഖപ്പെടുത്തുന്നതോടെ പരിശോധനാ ഘട്ടം പൂര്‍ത്തിയാക്കി മടങ്ങാം. ആറ് മണിക്കൂര്‍ പിന്നിട്ടാല്‍ ഫലം എസ്എംഎസിലൂടെയും സേഹ ആപ്ലിക്കേഷന്‍ മുഖേനയും ലഭിക്കും. കേന്ദ്രത്തിന്റെ സേവനം സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താന്‍ സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x