Currency

സൗദിയില്‍ വിദേശ ലൈസന്‍സുള്ളവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് കൊടുക്കുന്ന നിയമം ദുര്‍ബലപ്പെടുത്തി; പരിശീലനം നിര്‍ബന്ധമാക്കി

സ്വന്തം ലേഖകന്‍Tuesday, November 14, 2017 11:17 am

സൗദിയില്‍ ലൈസന്‍സ് എടുക്കാന്‍ ഉദ്ദേശിക്കുന്നവരെല്ലാം ഡ്രൈവിങ് സ്‌കൂളില്‍ ചേര്‍ന്ന് നിശ്ചിത മണികൂര്‍ പരിശീലനം നേടിയിരിക്കണമെന്നാണ് പുതിയ നിയമം. വിദേശ രാജ്യങ്ങളില്‍ വാഹനമോടിച്ച് പരിചയവും ലൈസന്‍സുമുള്ളവര്‍ക്ക് നേരിട്ട് ഡ്രൈവിങ് ടെസ്റ്റ് കൊടുക്കാനുള്ള അവസരം ഇനിയുണ്ടാകില്ല.

 

റിയാദ്: സൗദിയില്‍ വിദേശ ലൈസന്‍സ് ഉപയോഗിച്ച് ഡ്രൈവിങ് ടെസ്റ്റ് കൊടുക്കുന്ന നിയമം ദുര്‍ബലപ്പെടുത്തി. ഡ്രൈവിങ് ലൈസന്‍സിന് ഡ്രൈവിങ് സ്‌കൂള്‍ പരിശീലനം നിര്‍ബന്ധമാക്കി സൗദി ഡ്രൈവിങ് ലൈസന്‍സ് നിയമത്തില്‍ ഭേദഗതി വരുത്തി ട്രാഫിക് വിഭാഗം ഉത്തരവിറക്കി. അഡ്മിനിസ്‌ട്രേഷന്‍ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ബസ്സാമിയാണ് നിയമഭേദഗതി പ്രഖ്യാപിച്ചത്. സൗദിയില്‍ ലൈസന്‍സ് എടുക്കാന്‍ ഉദ്ദേശിക്കുന്നവരെല്ലാം ഡ്രൈവിങ് സ്‌കൂളില്‍ ചേര്‍ന്ന് നിശ്ചിത മണികൂര്‍ പരിശീലനം നേടിയിരിക്കണമെന്നാണ് പുതിയ നിയമം. വിദേശ രാജ്യങ്ങളില്‍ വാഹനമോടിച്ച് പരിചയവും ലൈസന്‍സുമുള്ളവര്‍ക്ക് നേരിട്ട് ഡ്രൈവിങ് ടെസ്റ്റ് കൊടുക്കാനുള്ള അവസരം ഇനിയുണ്ടാകില്ല.

ഡ്രൈവിങ് അറിയാവുന്നവര്‍ പ്രൈവറ്റ് വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സിനാണ് അപേക്ഷിക്കുന്നതെങ്കില്‍ 30 മണിക്കൂര്‍ ക്ലാസ് ഹാജറായിരിക്കണം. ടാക്‌സി ഓടിക്കുന്നതിനും വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുമുള്ള ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ സാധാരണ ലൈസന്‍സ് ലഭിച്ച രണ്ട് വര്‍ഷം പിന്നിട്ടവരായിരിക്കണം. ഇവര്‍ക്കും 30 മണിക്കൂര്‍ ക്ലാസ് നിര്‍ബന്ധമാണ്. ഡ്രൈവിങ് വശമില്ലാത്തവര്‍ക്ക് 90 മണിക്കൂര്‍ ക്ലാസും ടാക്‌സിയോ വലിയ വാഹനങ്ങളോ ഓടിക്കാനുള്ള ലൈസന്‍സിന് പുതുതായി അപേക്ഷിക്കുന്നവര്‍ക്ക 120 മണിക്കൂര്‍ ക്ലാസും നിര്‍ബന്ധമാണ്. ദിവസേന മൂന്ന് മണിക്കൂറിലധികം പരിശീലനം എന്നതാണ് പുതിയ നിര്‍ദേശം.

വനിത ഡ്രൈവിങിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവിങ് സ്‌കൂളുകളുടെ നിരക്ക് പുതുക്കി നിശ്ചയിക്കുമ്പോള്‍ മണിക്കൂറിനാണ് ഫീസ് ഇടാക്കുക. ഇതനുസരിച്ച് ഡ്രൈവിങ് ലൈസന്‍സ് എടുക്കാനുള്ള ചെലവും ഗണ്യമായി വര്‍ധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x