
ദോഹ: ഖത്തറില്‍ വിദ്യാഭ്യാസ വകുപ്പില്‍ അടുത്ത അക്കാദമിക വര്‍ഷത്തില്‍ (2018-19) വിവിധ തസ്തികകളില്‍ ഒഴിവ്. ഏതു രാജ്യത്തെ പൗരന്‍മാര്‍ക്കും അപേക്ഷിക്കാം. അധ്യാപകര്‍, അഡ്മിനിസ്‌ട്രേറ്റര്‍, വൊക്കേഷനല്‍ ട്രെയിനര്‍ എന്നീ തസ്തികകളിലായി 800 ഒഴിവുകളുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 ആണ്.
താല്‍പര്യമുള്ളവര്‍ക്ക് https://tawtheef.edu.gov.qa എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കാമെന്നു മന്ത്രാലയത്തിലെ ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗം ഡയറക്ടര്‍ അലി അല്‍ മുരഗി അറിയിച്ചു. അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവരെ അഭിമുഖത്തിനു വിളിക്കും. ഈ അധ്യയന വര്‍ഷം 201 പുതിയ അധ്യാപകരെയാണു വിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചത്. 56 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എട്ടു വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതത്തില്‍ മൊത്തം 14,577 അധ്യാപകരാണ് ഈ അക്കാദമിക വര്‍ഷത്തിലുള്ളത്.
ഈ വര്‍ഷം 164 ഖത്തരി അധ്യാപകരെ നിയമിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് അടുത്ത അക്കാദമിക വര്‍ഷം കൂടുതല്‍ അധ്യാപകരെ നിയമിക്കുന്നത്. 60 വയസു പൂര്‍ത്തിയായവരെയും, ജോലിയില്‍ പ്രതീക്ഷിച്ച രീതിയില്‍ ശോഭിക്കാത്തവരെയും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കു പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. കാര്‍പെന്ററി, സംഗീതാധ്യാപനം, ഫിസിയോതെറപ്പി സ്‌പെഷലിസ്റ്റ്, ഭിന്നശേഷിയുള്ളവരുടെ മേഖലയിലെ സ്‌പെഷലിസ്റ്റ് എന്നിവരെയാണു വൊക്കേഷനല്‍ ട്രെയിനിങ് മേഖലയില്‍ പരിഗണിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.