Currency

വരുന്നു, ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍

സ്വന്തം ലേഖകന്‍Saturday, December 29, 2018 1:42 pm

കുവൈത്ത് സിറ്റി: കുവൈത്ത് വൈദ്യുതി മന്ത്രാലയം ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പരിസ്ഥിതി സൗഹൃദമായ ഇത്തരം കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം ഇതിനൊരുങ്ങുന്നത്. കാര്‍ കമ്പനികള്‍, വ്യവസായ പബ്ലിക് അതോറിറ്റി, പരിസ്ഥിതി അതോറിറ്റി എന്നിവയുമായി സഹകരിച്ച് വൈദ്യുതി മന്ത്രാലയം പഠനം ആരംഭിച്ചിട്ടുണ്ട്.

ചാര്‍ജിങ് സെന്ററുകള്‍ക്കായി അപേക്ഷിക്കാന്‍വേണ്ട നിബന്ധനകള്‍ തയാറാക്കിവരുകയാണ്. പുകയില്ലാത്ത ഇലക്ട്രിക് കാറുകള്‍ സര്‍വവ്യാപിയാവുന്നതോടെ പരിസ്ഥിതി മലിനീകരണം പകുതിയായി കുറയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രാലയത്തിലെ ഭരണകാര്യ ഉപമേധാവി മുഹമ്മദ് അല്‍ ഷര്‍ഹാന്‍ പറഞ്ഞു. ഏതാനും വര്‍ഷത്തിനകം ഇലക്ട്രിക് കാറുകള്‍ വിപണി കീഴടക്കുമെന്നാണ് കരുതുന്നത്. ദൂരയാത്രകളില്‍ ചാര്‍ജ് ചെയ്യുന്നതടക്കമുള്ള ബുദ്ധിമുട്ടുകളാണ് ഇത്തരം കാറുകളുടെ അപാകതയായി പറയാറുള്ളത്. ചാര്‍ജിങ് സ്‌റ്റേഷനുകള്‍ വ്യാപകമാവുന്നതോടെ ഇതിനും പരിഹാരമാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x