
റിയാദ്: വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പരാതിക്കള്‍ക്ക് പത്ത് പ്രവൃത്തി ദിവസത്തിനകം പരിഹാരം കാണണമെന്ന് സൗദി വൈദ്യുതി അതോറിറ്റി. ഇതു സംബന്ധിച്ച് ഇലക്ട്രിസിറ്റി കമ്പനികള്‍ക്ക് അതോറിറ്റി നിര്‍ദേശം നല്‍കി. സൗദിയില്‍ കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി നിരക്ക് കൂട്ടിയിരുന്നു. ഇതേതുടര്‍ന്ന് ഉപഭോക്താക്കളുടെ പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അതോറിറ്റിയുടെ ഇടപെടല്‍.
പുതിയ കണക്ഷന്‍, നിലവിലുള്ള കണക്ഷനുമായി ബന്ധപ്പെട്ട മറ്റു പരാതികള്‍, ആവശ്യമില്ലാത്ത ലൈനുകള്‍ നീക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ 30 പ്രവൃത്തി ദിവസത്തിനകം പരിഹരിച്ചിരിക്കണമെന്നും ഉപഭോക്താവിന് പ്രശ്നത്തിന്റെ പരിഹാരം വ്യക്തമാവുന്ന രീതിയിലായിരിക്കണം മറുപടി സമര്‍പ്പിക്കേണ്ടതെന്നും അതോറിറ്റി നിര്‍ദേശത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പരാതിയുള്ള ബില്ലിലെ സംഖ്യ ഈടാക്കാനോ വൈദ്യുതി വിച്ഛേദിക്കാനോ കമ്പനിക്ക് അധികാരമുണ്ടായിരിക്കുന്നതല്ലെന്നും അതോറിറ്റി വ്യക്തമാക്കി.
ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന പരാതികളെകുറിച്ച് പഠനം നടത്തിയാണ് ഇലക്ട്രിസിറ്റി കമ്പനി മറുപടി നല്‍കേണ്ടത്. ഉപഭോക്താവ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും മറുപടി നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. ഇലക്ട്രിസിറ്റി കമ്പനിയുടെ മറുപടിയില്‍ തൃപ്തരല്ലാത്ത ഉപഭോക്താക്കള്‍ക്ക് വൈദ്യുതി അതോറിറ്റിയെ സമീപിക്കാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.