Currency

സൗദിയില്‍ പെട്രോള്‍ സ്റ്റേഷനുകളില്‍ ഇലക്ട്രോണിക് പേയ്‌മെന്റ് മെഷ്യന്‍ നിര്‍ബന്ധം

സ്വന്തം ലേഖകന്‍Saturday, March 30, 2019 2:40 pm

ദമാം: സൗദിയില്‍ മുഴുവന്‍ പെട്രോള്‍ സ്റ്റേഷനുകളിലും അനുബന്ധ സേവന കേന്ദ്രങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ് മെഷ്യനുകള്‍ നിര്‍ബന്ധമാക്കുന്നു. ഇന്ധന സ്റ്റേഷനുള്ളില്‍ കറന്‍സിക്ക് പകരം ഇലക്ട്രോണിക് പേയ്‌മെന്റ് മെഷ്യന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ധനകാര്യ സ്ഥാപനങ്ങളെയും പങ്കാളിത്ത ഏജന്‍സികളെയും പ്രോല്‍സാഹിപ്പിക്കുന്നതിന് ബോധവല്‍കരണമുള്‍പ്പെടെയുള്ള നടപടികള്‍ കൈകൊള്ളും. 2019 ജൂലൈ 15 നു മുമ്പ് പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) മെഷ്യന്‍ സ്ഥാപിച്ചിരിക്കണമെന്നതാണ് നിര്‍ദ്ദേശം.

തദ്ദേശ സ്വയം ഭരണ ഗ്രാമ കാര്യ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുള്ള അല്‍ ഖസബിയുടെ നേതൃത്വത്തില്‍ വാണിജ്യ നിക്ഷേപ മന്ത്രാലയവും സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി (സാമ)യും ഇതുമായി ബന്ധപ്പെട്ട് യോഗംചേര്‍ന്നു. ദേശീയ പണമിടപാട് സംവിധാനത്തിലേക്ക്(മദ) ഇടപാടുകള്‍ ബന്ധിപ്പിക്കുന്നതിനാണ് പുതിയ നീക്കമെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിനായി ഉപകരണങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജീവിതം സുഗമമാക്കുന്നതിനും കറന്‍സി രഹിത സമൂഹം കെട്ടിപ്പടുക്കുന്നതിനും വിഷന്‍ 2030 ന്റെ ഭാഗമായുള്ള ഒരു ചുവടുവെപ്പു കൂടിയാണിത്. സര്‍ക്കാര്‍ തലങ്ങളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം പുര്‍ണ വിജയമായിരിക്കേ സ്വകാര്യ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥക്ക് ഗുണകരമാകുമെന്നും അധികൃതര്‍ അറിയിച്ചു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x