Currency

ലോകത്തിലെ ഏറ്റവും വലിയ വിനോദനഗരി സൗദിയില്‍ ഒരുങ്ങുന്നു; ആദ്യ ഘട്ടം 2023ല്‍ തുറക്കും

സ്വന്തം ലേഖകന്‍Saturday, November 14, 2020 7:22 pm

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരി സൗദിയില്‍ ഒരുങ്ങുന്നു. ഖിദ്ദിയ്യ എന്ന് പേരിട്ട വിനോദ നഗരി, റിയാദിലെ എഡ്ജ് ഓഫ് ദി വേള്‍ഡിന് താഴെയാണ് ഒരുങ്ങുന്നത്. 334 ചതുരശ്ര കിലോമീറ്ററിലാണ് വിനോദ നഗരം. ആദ്യ ഘട്ടം പൂര്‍ത്തിയാക്കി 2023ല്‍ തുറക്കും. അന്ന് തന്നെ ലോകത്തിലെ ഏറ്റവും വേഗമേറിയ റോളര്‍ കോസ്റ്റര്‍, ഏറ്റവും ഉയരത്തിലുള്ള ഡ്രോപ് ടവര്‍, ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്ക് എന്നിവ രാജ്യത്തിന് സമര്‍പ്പിക്കും.

സൗദി കിരീടാവകാശിയുടെ പൊതു നിക്ഷേപ ഫണ്ടിന് കീഴിലാണ് പദ്ധതി. അടുത്ത വര്‍ഷം നടക്കുന്ന ഫോര്‍മുല വണിനായി ട്രാക്കൊരുങ്ങുന്നതും ഖിദ്ദിയ്യയിലാണ്. അടുത്ത മാസം നടക്കുന്ന നറുക്കെടുപ്പില്‍ വിജയിച്ചാല്‍ 2030 ഏഷ്യന്‍ ഗെയിംസിനും ഖിദ്ദിയ്യ അത്ലറ്റിക് വില്ലേജാകും. എഡ്ജ് ഓഫ് ദി വേള്‍ഡിനോട് ചേര്‍ന്ന് തൂങ്ങി നില്‍ക്കുന്ന രൂപത്തിലാണ് സ്റ്റേഡിയങ്ങള്‍ ഒരുങ്ങുക.

ആദ്യ ഘട്ട ജോലികള്‍ അതിവേഗത്തിലാണ് മുന്നേറുന്നത്. 300 ഓളം പ്രൊജക്ടുകള്‍ തയ്യാറാകും ഖിദ്ദിയ്യയില്‍. ഇതില്‍ നൂറെണ്ണം ലോക റെക്കോര്‍ഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക നിയമങ്ങളാകും ഈ മേഖലയില്‍ ഉണ്ടാവുക. ഡിസ്‌നി വേള്‍ഡ് ഉള്‍പ്പെയുള്ള പദ്ധതിയില്‍ വന്‍കിട നിക്ഷേപത്തിനൊപ്പം ജോലി സാധ്യതകള്‍ കൂടി തുറന്നിടും. സ്വദേശികള്‍ മാത്രമല്ല, ഇവിടെ ജോലി ചെയ്യുന്നവരില്‍ നല്ലൊരു പങ്ക് വിദേശികളുമുണ്ട്. 17,000 സ്ഥിരം ജോലികളും ലക്ഷത്തോളം അനുബന്ധ ജോലികളുമാണ് ഖിദ്ദിയ്യ തുറന്നിടുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x