
റിയാദ്: തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സൗദിയില്‍ പ്രത്യേക കോടതികള്‍ വരുന്നു. തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിലെ കാലതാമസവും നടപടിക്രമങ്ങളും പലപ്പോഴും നീണ്ടു പോകാറുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നത്. സെപ്തംബര്‍ മുതലാണ് പുതിയ കോടതികള്‍ പ്രവര്‍ത്തനം തുടങ്ങുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ഗുണകരമാകും അതിവേഗ കോടതികള്‍.
ആദ്യഘട്ടത്തില്‍ ജിദ്ദ, മക്ക, മദീന, ബുറൈദ, അബഹാ, റിയാദ്, ദമാം എന്നിവിടങ്ങളിലായി ഏഴ് കോടതികള്‍ സ്ഥാപിക്കും. ഇതുകൂടാതെ വിവിധ പ്രവിശ്യകളിലെയും ഗവര്‍ണറേറ്റുകളിലെയും തര്‍ക്കപരിഹാരത്തിനായി 27 സര്‍ക്യൂട്ട് കോടതികളും. ഇതിന് പുറമെ ആറ് പുനരാലോചനാ കോടതികളുമുണ്ടാകും.
നീതിന്യായ മന്ത്രാലയമാണ് പുതിയ തീരുമാനം അറിയിച്ചത്. നിലവില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചു കൊണ്ടിരിക്കുന്നത് കമ്മീഷനുകളാണ്. ഇതില്‍ നിന്നു മാറി പുതിയ ലേബര്‍ കോടതികള്‍ ജുഡീഷ്യറിയുടെ ഭാഗമായിരിക്കും. പരാതിക്കാരന് നേരിട്ടോ വക്കീല്‍ മുഖാന്തിരമോ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാം. പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസകരമാണ് രാജ്യത്തിന്റെ പുതിയ ചുവടുവെപ്പ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.