
കുവൈത്ത് സിറ്റി: വിദേശികളുടെ ചികിത്സക്കായി കുവൈത്തില്‍ താല്‍ക്കാലിക ആശുപത്രികള്‍ ഒരുങ്ങുന്നു. കുവൈത്തിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായ ജലീബ് അല്‍ ശുയൂഖിലും മെഹ്ബൂലയിലും ഫീല്‍ഡ് ആശുപത്രികള്‍ സജ്ജീകരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. കുവൈത്ത് നാഷണല്‍ ഗാര്‍ഡ് ആണ് ആശുപത്രികള്‍ ഒരുക്കുന്നത്.
നാഷണല്‍ ഗാര്‍ഡ് മഹ്ബൂലയില്‍ ഒരുക്കിയ താത്കാലിക പോളീക്ലിനിക്ക് പ്രവര്‍ത്തനസജ്ജമായതായി അധികൃതര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന മെഹ്ബൂലയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള താമസക്കാര്‍ക്കു ആശ്വാസമേകുന്നതാണ് ഈ വാര്‍ത്ത. ജലീബില്‍ മൂന്ന് സ്‌കൂളുകള്‍ താല്‍ക്കാലിക ആശുപത്രികളാക്കി മാറ്റുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. മിശ്രിഫ് ഫെയര്‍ ഗ്രൗണ്ടിലും വിദേശികളുടെ ചികിത്സക്കായി നാഷണല്‍ ഗാര്‍ഡ് താല്‍ക്കാലിക ആശുപത്രിസജ്ജീകരിച്ചിരുന്നു.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭയാണ് പ്രതിരോധമന്ത്രാലയത്തെ ചുമതലപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നെത്തിയ റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ സേവനവും ഇത്തരം ആശുപത്രികളില്‍ ഉണ്ടാകുമെന്നാണ് സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.