Currency

വിദേശി ജീവനക്കാരെ തിരിച്ചെത്തിക്കാനൊരുങ്ങി കുവൈത്ത്

സ്വന്തം ലേഖകന്‍Monday, September 21, 2020 6:21 pm

കുവൈത്ത് സിറ്റി: അവധിക്കു പോയി സ്വന്തം നാടുകളില്‍ കുടുങ്ങിയ വിദേശി ജീവനക്കാരെ തിരിച്ചെത്തിക്കാന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം നീക്കം തുടങ്ങി. ഡോക്ടര്‍മാരും നഴ്സുമാരും, ടെക്‌നിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെ അഞ്ഞൂറോളം പേരെ തിരികെ എത്തിക്കുന്നതിനായി മന്ത്രിസഭയുടെ അനുമതി തേടിയിട്ടുണ്ട്. കുവൈത്തിലേക്ക് നേരിട്ട് വരുന്നതിനു വിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് ഭൂരിഭാഗം ആരോഗ്യപ്രവര്‍ത്തകരും കുടുങ്ങികിടക്കുന്നത്.

വിദേശകാര്യമന്ത്രാലയത്തിന്റെയും, വ്യോമയാന വകുപ്പിന്റെയും സഹായത്തോടെ തങ്ങളുടെ ജീവനക്കാരെ തിരികെ എത്തിക്കാനാണ് ആരോഗ്യമന്ത്രാലയം ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് അവധിക്കു പോയി തിരികെ വരാന്‍ സാധിക്കാത്ത ജീവനക്കാരുടെ പട്ടിക തയാറാക്കിയത്.

അത്യാവശ്യമുള്ള വിദേശിജീവനക്കാരെ അടിയന്തിരമായി തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നാട്ടില്‍ കുടുങ്ങിയ ജീവനക്കാരുടെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x