Currency

പ്രവാസികള്‍ക്ക് ഈ വര്‍ഷം യുഎഇയില്‍ മികച്ച അവസരങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍Thursday, March 7, 2019 12:53 pm

അബുദാബി: യുഎഇയിലെ തൊഴില്‍ രംഗത്ത് 2019ല്‍ ഒന്‍പത് ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഗള്‍ഫ് ടാലന്റ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തലുള്ളത്. ഗള്‍ഫ് ടാലന്റിന്റെ കണക്ക് പ്രകാരം ജോലി ലഭിക്കുന്നവരില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ 12 ശതമാനം വര്‍ദ്ധനവുണ്ടായി. അതേസമയം അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും എണ്ണത്തില്‍ യഥാക്രമം എട്ടും പത്തും ശതമാനം കുറവുണ്ടായി.

സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം കമ്പനികളും ഈ വര്‍ഷം തങ്ങളുടെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് 27 ശതമാനം സ്ഥാപനങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ 36 ശതമാനം കമ്പനികള്‍ ഇപ്പോഴത്തെ നില തന്നെ തുടരുമെന്നാണ് അറിയിച്ചത്.

ഒരേ തസ്തികയില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരായ പ്രവാസികളുടെ ശമ്പളം താരതമ്യം ചെയ്യുമ്പോള്‍ അറബികളേക്കാള്‍ 20 ശതമാനവും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരേക്കാള്‍ 40 ശതമാനവും കുറവ് ശമ്പളം മാത്രമാണ് ഏഷ്യക്കാര്‍ക്ക് ലഭിക്കുന്നതെന്ന് സര്‍വേ പറയുന്നു. ഇക്കാരണമാണ് കൂടുതല്‍ ഏഷ്യക്കാരായ പ്രവാസികളെ ജോലിക്കെടുക്കാന്‍ യുഎഇയിലെ സ്വദേശി തൊഴിലുടമകളെ പ്രേരിപ്പിക്കുന്നത്.

അതേസമയം ഓരോ രാജ്യത്തെയും പരിശോധിക്കുമ്പോള്‍ ജോലി ലഭിച്ച ഇന്ത്യക്കാരുടെയും പാകിസ്ഥാനികളുടെയും എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധനവുണ്ടായി. ഫിലിപ്പൈനികളും ശ്രീലങ്കക്കാരുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x