
അബുദാബി: പുതുവര്‍ഷത്തില്‍ നാലു റൂട്ടുകളിലേക്ക് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ച് അബുദാബി പൊതുഗതാഗത സേവനം വിപുലപ്പെടുത്തി. യാത്രക്കാരുടെ ആവശ്യമനുസരിച്ച് റൂട്ടുകളില്‍ ഭേദഗതിവരുത്തുകയും സേവന മെച്ചപ്പെടുത്തുകയും ചെയ്തു. പൊതുഗതാഗത രംഗത്ത് നടപ്പാക്കിയ സമഗ്ര പരിഷ്‌കാരംമൂലം യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 5.3 കോടി യാത്രക്കാര്‍ ബസ് സേവനം പ്രയോജനപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളിലേക്ക് പുതിയ റൂട്ടും സ്റ്റോപ്പും ഏര്‍പ്പെടുത്തിയതോടെ ജനങ്ങളുടെ യാത്രാ സമയം 30 ശതമാനം ലാഭിക്കാനായതായും റിപ്പോര്‍ട്ടുണ്ട്.
ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാണ് കൂടുതല്‍ മേഖലകളിലേക്ക് പൊതുഗതാഗത സേവനം വിപുലപ്പെടുത്തിയതെന്ന് ഗതാഗത വിഭാഗത്തിലെ ബസ്, വാട്ടര്‍ ഫെറീസ് ടീം മേധാവി എന്‍ജിനീയര്‍ അഹ്മദ് അതീഖ് അല്‍ മസ്‌റൂഇ പറഞ്ഞു. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ചില റൂട്ടുകളില്‍ മാറ്റം വരുത്തുകയും മറ്റു ചിലവ റദ്ദാക്കുകയും ചെയ്തു.
അല്‍സാഹിയ പാസഞ്ചര്‍ ടെര്‍മിനലില്‍നിന്നുള്ള എ1, അല്‍ദാന ഖലീഫ സ്ട്രീറ്റില്‍നിന്നുള്ള എ2, മുസഫ ഡല്‍മ മാളില്‍നിന്നുള്ള എ10, ഷഹാമയില്‍നിന്നുള്ള എ20, അല്‍വത്ബയില്‍നിന്നുള്ള എ40 എന്നീ റൂട്ടുകളെ അബുദാബി വിമാനത്താവളവുമായി ബന്ധപ്പെടുത്തി. ഇതുമൂലം അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാക്കി.
രാവിലെ അഞ്ചു മുതല്‍ രാത്രി 10 വരെ മുസഫയില്‍ 2018ല്‍ ആരംഭിച്ച സൗജന്യ ബസ് സേവനം ഖലീഫ സിറ്റിയിലേക്കും വ്യാപിപ്പിച്ചു. വിവിധ പ്രദേശങ്ങളില്‍നിന്ന് സമീപത്തെ പ്രധാന ബസ് സ്റ്റേഷനിലേക്കും തിരിച്ചും ഒരു മണിക്കൂര്‍ ഇടവേളയില്‍ ബസ് സേവനമുണ്ടാകും. രാവിലെ അഞ്ചു മുതല്‍ രാത്രി 10 വരെയാണ് സൗജന്യസേവനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.