Currency

പണരഹിത സമ്പദ്‌വ്യവസ്ഥ: അബൂദബി ഫാബ് ‘പേ ഇറ്റ്’ ഡിജിറ്റല്‍ വാലറ്റ് പുറത്തിറക്കി

സ്വന്തം ലേഖകന്‍Thursday, February 22, 2018 9:04 am

അബൂദബി: ഫസ്റ്റ് അബൂദബി ബാങ്ക് (ഫാബ്) ‘പേ ഇറ്റ്’ എന്ന പേരില്‍ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വാലറ്റ് പുറത്തിറക്കി. പണരഹിത സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയിരിക്കുന്ന പേ ഇറ്റിന്റെ സുരക്ഷിതമായ സേവനം എമിറേറ്റ്‌സ് ഐഡിയുള്ളവര്‍ക്ക് ലഭിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. യു.എ.ഇ പൗരന്മാര്‍ക്കും രാജ്യത്തെ താമസക്കാരായ വിദേശികള്‍ക്കും എല്ലാ ദിവസവും 24 മണിക്കൂറും പണമയക്കാനും സ്വീകരിക്കാനും ‘പേ ഇറ്റ്’ ഉപകരിക്കും.

വ്യാപാരി പങ്കാളിത്ത ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവയിലൂടെയോ ക്വിക് റെസ്‌പോണ്‍സ് കോഡ് (ക്യൂ.ആര്‍. കോഡ്) സ്‌കാന്‍ ചെയ്‌തോ പണമടക്കാം. ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത പണമടക്കാനുള്ള സംവിധാനം യു.എ.ഇയില്‍ ആദ്യമായാണ്. യു.എ.ഇയില്‍ ഇഷ്യൂ ചെയ്ത ഡെബിറ്റ്- പ്രീപെയ്ഡ് കാര്‍ഡുകള്‍ ഉപയോഗിച്ചും ഫാബ് കാഷ് ഡെപോസിറ്റ് മെഷീനുകള്‍ വഴിയും മറ്റു യു.എ.ഇ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്തും അക്കൗണ്ടില്‍ പണം നിക്ഷേപിക്കാം. ‘പേ ഇറ്റ്’ ഉപഭോക്താക്കള്‍ക്ക് എ.ടി.എമ്മുകളില്‍ നിന്ന് കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനും അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനും കഴിയും.

ആഗോള സ്മാര്‍ട്ട് ഫോണ്‍ വ്യാപ്തിയില്‍ 81 ശതമാനത്തോടെ യു.എ.ഇ ഒന്നാം സ്ഥാനത്താണെങ്കിലും രാജ്യത്ത് 75 ശതമാനം പണമടയ്ക്കലും ഇപ്പോഴും കറന്‍സി ഉപയോഗിച്ചാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നതെന്ന് മാസ് സെഗ്മന്റ്‌സ്-പ്രോഡക്ട്‌സ് മേധാവി സുവ്‌രത് സൈഗാള്‍ അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x