കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ ഹാജരെടുക്കാന്‍ പഞ്ചിങ്ങിന് പകരം ഫേസ് സ്‌കാന്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍. കോവിഡ് പശ്ചാത്തലത്തില്‍ പഞ്ചിങ് സംവിധാനം സുരക്ഷിതമല്ലെന്ന കാരണത്താലാണ് മുഖം സ്‌കാന്‍ ചെയ്യുന്ന സംവിധാനമൊരുക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്.
രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും ജനുവരിയോടെ ഫേസ് സ്‌കാനിങ് സംവിധാനം സ്ഥാപിക്കാനാണ് നീക്കം. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫിംഗര്‍ പഞ്ചിങ് താത്കാലികമായി നിര്‍ത്തിയിട്ടുമുണ്ട്.
അതേസമയം സ്‌കാനിങ് മെഷീന്‍ സ്ഥാപിക്കാന്‍ കമ്പനികളുമായി കരാറിലെത്തിയിട്ടില്ല. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാവാനും ഡിവൈസ് സ്ഥാപിക്കാനും ചുരുങ്ങിയത് രണ്ടുമാസം എടുക്കുമെന്നാണ് വിലയിരുത്തല്‍. അടുത്ത വര്‍ഷം സ്‌കാന്‍ സംവിധാനത്തിലേക്ക് മാറിയാല്‍ കോവിഡ് ഭീതിയൊഴിഞ്ഞാലും അതേനില തുടരാനാണ് സാധ്യത. ഫേസ് സ്‌കാനര്‍ സിവില്‍ സര്‍വിസ് കമ്മീഷനുമായി ബന്ധിപ്പിക്കാനും ആലോചനയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.