Currency

കുവൈത്തില്‍ വിവിധ മന്ത്രാലയങ്ങള്‍ ജീവനക്കാരുടെ യോഗ്യത പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍Friday, July 27, 2018 12:08 pm

 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവാദം മുറുകിയതോടെ വിവിധ മന്ത്രാലയങ്ങള്‍ ജീവനക്കാരുടെ യോഗ്യത പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറമെ ജലം വൈദ്യുതി ആരോഗ്യം എന്നീ മന്ത്രാലയങ്ങളാണ് ജീവനക്കാരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.

വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ആയിരത്തോളം പേര്‍ സര്‍ക്കാര്‍ ജോലി കരസ്ഥമാക്കിയതായി ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിവിധ മന്ത്രാലയങ്ങള്‍ ജീവനക്കാരുടെ യോഗ്യത പുനഃപരോശോധിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജോലിക്കയറ്റം നേടിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പുനഃപരിശോധിക്കാനാണു വൈദ്യുതി മന്ത്രാലയത്തിന്റെ തീരുമാനം. അതിനായി വിദഗ്ധ സംഘത്തെ നിയോഗിച്ചതായി അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ബൂഷഹിരി പറഞ്ഞു. ജോലി രാജിവെച്ചു പോയ ഡോക്ടര്‍മാരുടെയും ഫാര്‍മസിസ്റ്റുകളുടെയും ഉള്‍പ്പെടെ പരിശോധിക്കാനാണ് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

മന്ത്രാലയത്തില്‍ നിലവില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നിഷ്യന്മാര്‍ തുടങ്ങിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് തുടങ്ങിയിട്ടുണ്ട. വ്യാജമാണെന്ന് കണ്ടാല്‍ നിയമനം റദ്ദാക്കുന്നതോടൊപ്പം ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി കൈപ്പറ്റിയതെല്ലാം തിരിച്ചുപിടിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x