Currency

സൗദിയില്‍ ഫാമിലി ടാക്‌സി സര്‍വീസ്; ഡ്രൈവര്‍ ജോലി സ്ത്രീകള്‍ക്ക് മാത്രം

സ്വന്തം ലേഖകന്‍Thursday, November 22, 2018 12:58 pm

ജിദ്ദ: സൗദിയില്‍ കുടുംബസമ്മേതം യാത്ര ചെയ്യുന്നവര്‍ക്ക് ഫാമിലി ടാക്‌സി സര്‍വീസ് പദ്ധതി. രാജ്യത്തെ കുടുംബങ്ങള്‍ക്ക് ഗതാഗതം മികച്ചതാക്കാന്‍ പൊതുഗതാഗത രംഗത്തെ നൂതന പദ്ധതിയാണിത്. ഫാമിലി ടാക്‌സി ഡ്രൈവര്‍ ജോലി സ്ത്രീകള്‍ക്ക് മാത്രമായിരിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇതിനു ലൈസന്‍സ് നല്‍കൂ. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് നല്‍കിയ രാജകല്‍പനയുടെ ഭാഗമായാണ് ഫാമിലി ടാക്‌സി പദ്ധതി.

ഗതാഗത അതോറിറ്റിയുടെ ചട്ടങ്ങളും വ്യവസ്ഥകളും അനുസരിച്ച് സ്ത്രീകള്‍ക്ക് കരയില്‍ ഏത് വാഹനവും ഓടിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്. ഇതിന് നിശ്ചയിച്ച നിബന്ധനകള്‍ പൂര്‍ത്തിയാക്കിയിരിക്കണം. അപ്പോള്‍ അനുമതി നല്‍കുമെന്നും ഗതാഗത അതോറിറ്റി വ്യക്തമാക്കി. ഫാമിലി ടാക്‌സികള്‍ക്ക് വേണ്ട നിബന്ധനകളും അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.

യാത്രക്കാരില്‍ സ്ത്രീകള്‍ ഉണ്ടായിരിക്കണം, പുരുഷന്മാരോ, ആണ്‍കുട്ടികളോ മുന്‍സീറ്റില്‍ ഇരിക്കരുത്, വാഹനത്തിനുള്ളില്‍ പുരുഷന്മാരും ആണ്‍കുട്ടികളും മാത്രമാകരുത് തുടങ്ങിയവ നിബന്ധനകളില്‍പെടും. പുകവലി, യാത്രക്കാരെ കുത്തിനിറക്കല്‍, വാഹനത്തിനുള്ളില്‍ ഭക്ഷണം കഴിക്കല്‍, ബെല്‍റ്റ് ധരിക്കാതിരിക്കല്‍, വാഹനത്തിലെ ഉപകരണങ്ങള്‍ കേടുവരുത്താന്‍ ശ്രമിക്കല്‍, വൃത്തിക്കേടാക്കല്‍, അകത്തും പുറത്തും സ്റ്റിക്കറുകള്‍ ഒട്ടിക്കല്‍, പൊതുമര്യാദകള്‍ പാലിക്കാതിരിക്കല്‍ എന്നിവ യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ യാത്രാ സേവനം റദ്ദാക്കാമെന്നും വ്യവസ്ഥയിലുണ്ട്. വാഹനം കുറഞ്ഞത് ഏഴ് സീറ്റുകളുള്ളതും മോഡല്‍ അഞ്ച് വര്‍ഷം കഴിയാത്തതും പുതിയതും ടാക്‌സിയായി രജിസ്റ്റര്‍ ചെയ്തതുമായിരിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x