
കുവൈത്ത് സിറ്റി: 12 വയസ്സ് പിന്നിട്ട കുട്ടികള്‍ക്ക് ആശ്രിത വിസ നല്‍കില്ലെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും പുതുതായി അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും താമസാനുമതികാര്യ വിഭാഗം. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് തെറ്റായ വാര്‍ത്തകളായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. കുടുംബ വിസ ലഭിക്കാന്‍ കുടുംബനാഥന്റെ കുറഞ്ഞ ശമ്പളം 500 ദീനാര്‍ ആയിരിക്കണമെന്ന തീരുമാനം മാത്രമേ പുതുതായി കൊണ്ടുവന്നിട്ടുള്ളൂവെന്നും താമസാനുമതികാര്യ വിഭാഗം അറിയിച്ചു. നേരത്തേ അത് 450 ദീനാര്‍ ആയിരുന്നു. പ്രചരിച്ചിരുന്ന തെറ്റായ വാര്‍ത്തകളിലൊന്ന് 18നു മീതെ പ്രായമുള്ള കുട്ടികളുടെ ഇഖാമ പുതുക്കി നല്‍കില്ലെന്നായിരുന്നു. എന്നാല്‍, ഇക്കാര്യത്തിലും യഥാര്‍ഥമല്ലാത്ത പ്രചാരണമാണ് നടന്നതെന്നും താമസകാര്യാനുമതി വകുപ്പ് സ്ഥിരീകരിക്കുന്നു.
18ന് മീതെ പ്രായമുള്ള കുട്ടികള്‍ കുവൈത്തിലോ വിദേശത്തോ പഠനം നടത്തുകയാണെങ്കില്‍ അക്കാര്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇഖാമ പുതുക്കാന്‍ കഴിയും. ഭാര്യക്കും മക്കള്‍ക്കും കുടുംബ സന്ദര്‍ശക വിസ ലഭിക്കുന്നതിന് കുറഞ്ഞ ശമ്പളം 250 ദീനാര്‍ തന്നെയാണ്. പ്രത്യേക കേസുകളില്‍ 200 ദീനാര്‍ ശമ്പളം കൈപ്പറ്റുന്നവര്‍ക്കും വിസ അനുവദിക്കുന്നതിനുള്ള വിവേചനാധികാരം താമസാനുമതികാര്യവിഭാഗം ഉദ്യോഗസ്ഥര്‍ക്കായിരിക്കും.
രക്ഷിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും കുടുംബ സന്ദര്‍ശക വിസ ഒരു മാസത്തേക്കായിരിക്കും അനുവദിക്കുക. ഭാര്യക്കും മക്കള്‍ക്കും മൂന്നു മാസത്തേക്കുള്ള വിസ ലഭിക്കും. രണ്ട് വിഭാഗത്തിലും കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് ആരോഗ്യം പോലുള്ള പ്രത്യേക സാഹചര്യങ്ങളും കാരണങ്ങളും പരിഗണിച്ച് താമസാനുമതികാര്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് തീരുമാനമെടുക്കാമെന്നും വകുപ്പ് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.