
അബുദാബി: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലും പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നിയമത്തിലും മാറ്റംവരുത്തി അബുദാബി പൊലീസ് ഗതാഗത നിയമം പരിഷ്കരിച്ചു. റോഡില്‍ മത്സരയോട്ടം നടത്തിയാലും റെഡ് സിഗ്നല്‍ മറികടന്നാലും പൊലീസ് വാഹനങ്ങള്‍ കേടുവരുത്തിയാലും അര ലക്ഷം ദിര്‍ഹം (10 ലക്ഷത്തോളം രൂപ) പിഴ ഈടാക്കും.
ലൈസന്‍സില്ലാതെ വാഹനമോടിച്ചാലും കനത്ത പിഴയുണ്ട്. റെഡ് സിഗ്നല്‍ മറികടന്നാലുള്ള പിഴ 50,000 ദിര്‍ഹമാക്കി. 6 മാസത്തേക്ക് ലൈസന്‍സ് പിടിച്ചുവയ്ക്കുകയും ചെയ്യും. നിയമവിധേയമായ നമ്പര്‍ പ്ലേറ്റില്ലാതെ വാഹനമോടിച്ചാലും അര ലക്ഷം ദിര്‍ഹം പിഴ നല്‍കണം. അനുമതിയില്ലാതെ വാഹനത്തിന്റെ എന്‍ജിനിലോ ചേസസിലോ മാറ്റം വരുത്തിയാല്‍ 10,000 ദിര്‍ഹം പിഴയുണ്ട്. അമിത വേഗം, പെട്ടെന്ന് വഴി മാറുക, അകലം പാലിക്കാതെ വാഹനമോടിക്കുക, സീബ്രാ ക്രോസില്‍ കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാതിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ അപകടം ഉണ്ടായാല്‍ ഡ്രൈവര്‍ക്ക് 5000 ദിര്‍ഹം പിഴയുണ്ട്.
10 വയസ്സില്‍ താഴെയുള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തിയാല്‍ 5000 ദിര്‍ഹം പിഴയ്ക്കു പുറമെ വാഹനം കണ്ടുകെട്ടും. റോഡിലെ നിശ്ചിത പരിധിയില്‍ 60 കിലോമീറ്റര്‍ വേഗം മറികടന്നാല്‍ 5000 ദിര്‍ഹം പിഴ നല്‍കണം. അധിക നിയമലംഘനത്തിന് 100 ദിര്‍ഹം വീതം പിഴ ചുമത്തും. 7000 ദിര്‍ഹത്തിനു മുകളിലുള്ള എല്ലാ പിഴകളും ഒറ്റ തവണയായി അടയ്ക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. പിടിച്ചെടുത്ത വാഹനം 3 മാസത്തിനുശേഷം തിരിച്ചെടുത്തില്ലെങ്കില്‍ ലേലത്തിനു വയ്ക്കുമെന്നും പൊലീസ് മുന്നറിയിപ്പു നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.