
കുവൈത്ത് സിറ്റി: കോവിഡ് 19 പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്കു കനത്ത ശിക്ഷ ഉറപ്പാക്കുന്ന കരട് നിര്‍ദേശത്തിനു കുവൈത്ത് മന്ത്രി സഭ അംഗീകാരം നല്‍കി. സാമൂഹ്യാരോഗ്യസംരക്ഷണത്തില്‍ സഹകരിക്കാത്തവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും 10000 ദീനാര്‍ മുതല്‍ 50000 ദീനാര്‍ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. നിര്‍ബന്ധിത വീട്ടുനിരീക്ഷണം ലംഘിക്കുന്നത് ഉള്‍പ്പെടെ ഇതിന്റെ പരിധിയില്‍ വരും.
സാംക്രമികരോഗങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള നിര്‍ദേശത്തിനാണ് തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. മാരകമായ പകര്‍ച്ചവ്യാധി ഉള്ള കാര്യം ബോധപൂര്‍വം മറച്ചുവെക്കുകയും അതുവഴി രോഗവ്യാപനത്തിനു കാരണക്കാരനാവുകയും ചെയ്താല്‍ അഞ്ചുവര്‍ഷം വരെ തടവും 10000 മുതല്‍ 50000 ദീനാര്‍ വരെ പിഴയും കല്‍പിക്കുന്നതാണ് മന്ത്രിസഭ അംഗീകരിച്ച കരടുനിയമം.
അമീറിന്റെ അനുമതിയോടെ നിയമനിര്‍മാണം വേഗത്തിലാക്കാനാണ് മന്ത്രിസഭാ തീരുമാനം. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു കരട് നിര്‍ദേശം ചര്‍ച്ച ചെയ്തു വോട്ടിനിടണമെന്നും കാബിനറ്റ് നിര്‍ദേശം നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.