
റിയാദ്: വനിതകള്‍ക്കു മാത്രമുള്ള ലോകത്തെ ആദ്യത്തെ ട്രാംപലീന്‍ പാര്‍ക്ക് റിയാദില്‍ തുറന്നു. ബൗണ്‍സ് എന്ന പേരിലുള്ള പാര്‍ക്ക് റൗദയിലെ ഖുറൈസ് റോഡിലാണ് സജ്ജമാക്കിയിരിക്കുന്നത്. 3500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഇന്‍ഡോര്‍ പാര്‍ക്കില്‍ പത്തു വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പ്രവേശനമുണ്ട്. ഇവിടെ ഏതു കാലാവസ്ഥയിലും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാം.
ഡോഡ്ജ് ബോള്‍ അരീന, സ്ലം ഡങ്ക്, സൂപ്പര്‍ ട്രാംപ്, ക്ലിഫ് ജംപ് തുടങ്ങി പരസ്പരം ബന്ധിപ്പിച്ച 80ലേറെ കായിക വിനോദങ്ങളാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി നിഞ്ച വാര്യര്‍, സിപ് ലൈന്‍സ്, ബോള്‍ഡറിങ് വാള്‍സ്, സ്‌പൈഡര്‍ ക്ലൈ തുടങ്ങിയവ ഉള്‍പ്പെടുന്ന എക്‌സ്-പാര്‍ക്ക് ഫ്രീ സ്‌റ്റൈല്‍ കളിക്കളവുമുണ്ട്. പ്രായഭേദമെന്യേ എല്ലാ തലങ്ങളിലുമുള്ള വനിതകള്‍ക്ക് ബൗള്‍സ് പാര്‍ക്ക് പ്രയോജനപ്പെടുത്താം. ജിദ്ദയില്‍ ആരംഭിച്ച ഫാമിലി ബൗണ്‍സ് പാര്‍ക്കിന്റെ വിജയത്തെ തുടര്‍ന്നാണ് വനിതകള്‍ക്കു മാത്രമുള്ള പാര്‍ക്ക് റിയാദില്‍ തുറന്നതെന്ന് ബൗണ്‍സ് സൗദി അറേബ്യ മാനേജിങ് പാര്‍ട്ണര്‍ മഷാഇല്‍ അത്തിയ പറഞ്ഞു.
ശാരീരിക ആരോഗ്യത്തിന് ഗുണകരമാകുന്ന രീതിയിലാണ് കായിക വിനോദങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ട്രാംപലിന്‍ പാര്‍ക്കില്‍ പത്തു മിനിറ്റു ചാടുന്നതിലൂടെ 30 മിനിറ്റ് ഓടുന്നതിനുള്ള കലോറി ഉപയോഗപ്പെടുത്തുമെന്നാണ് നാസയുടെ കണ്ടെത്തല്‍. ബന്ധുക്കളും സുഹൃത്തുക്കളുമായ വനിതകള്‍ക്ക് ഒന്നിച്ചു വിനോദങ്ങളില്‍ ഏര്‍പ്പെടാനും സൗകര്യമുണ്ട്. ജന്മദിനം, വാര്‍ഷികം തുടങ്ങിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനുളള പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.