Currency

സര്‍വീസുകള്‍ നിര്‍ത്തി സ്പൈസ്ജെറ്റും ഇന്‍ഡിഗോയും; ടിക്കറ്റ് നിരക്ക് കുതിച്ചുയരും

സ്വന്തം ലേഖകന്‍Thursday, March 14, 2019 2:54 pm

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്സിനു പിന്നാലെ സ്പൈസ് ജെറ്റും ഇന്‍ഡിഗോയും വിമാന സര്‍വീസുകള്‍ നിര്‍ത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നിര്‍ത്തിയത്. അതേസമയം വിദഗ്ധ പൈലറ്റുമാര്‍ ഇല്ലാത്തതാണ് ഇന്‍ഡിഗോയുടെ പ്രശ്നം. അതോടൊപ്പം ബോയിംഗ് 737 മാക്സ് വിമാനം എത്യോപ്യയില്‍ തകര്‍ന്നുവീണതുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ തുടര്‍ന്ന് സ്പൈസ്ജെറ്റും വിമാനങ്ങള്‍ നിര്‍ത്തി. ഇതോടെ രാജ്യത്തെ വ്യോമഗതാഗതം വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന.

പല കാരണങ്ങളാല്‍ 50ലേറെ വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തിയത്. ഇതോടെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ എട്ട് ശതമാനത്തിന്റെ കുറവാണുണ്ടായത്. ജെറ്റ് എയര്‍വെയ്സ് അവരുടെ വിമാനങ്ങളുടെ 40 ശതമാനത്തിലേറെയും സര്‍വീസ് നിര്‍ത്തിയിരുന്നു. ഇത് വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരാന്‍ ഇടവരുത്തുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അടുത്ത രണ്ടു മാസം സ്‌കൂള്‍ അവധി കൂടി വരുന്നതോടെ ചുരുങ്ങിയത് 20 ശതമാനമെങ്കിലും നിരക്ക് വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

ബജറ്റ് എയര്‍ലൈനായ സ്പൈസ്ജെറ്റ് 12 ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് നിര്‍ത്തലാക്കുന്നത്. അടുത്തിടെയായി ഇത്തരം രണ്ടു വിമാനങ്ങള്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നാണ് നടപടി. ഏഷ്യയിലെ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് ഷെയറുള്ള ഇന്‍ഡിഗോയാവട്ടെ, അടുത്ത രണ്ടു മാസത്തിനിടയില്‍ ഓരോ ദിവസവും ഡസന്‍ കണക്കിന് സര്‍വീസുകള്‍ കാന്‍സല്‍ ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്. കമ്പനിയില്‍ വിമാനങ്ങളുടെ എണ്ണം കൂടുകയും അതിനനുസരിച്ച് പൈലറ്റുമാരെ ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്‍ഡിഗോയുടെ ഈ തീരുമാനം.

ഇങ്ങനെ എയര്‍ലൈന്‍ കമ്പനികള്‍ മല്‍സരിച്ച് വിമാനങ്ങള്‍ കാന്‍സല്‍ ചെയ്യുമ്പോള്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിക്കുകയാവും ഫലമെന്ന് യാത്ര ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശരത്ത് ദാല്‍ പറഞ്ഞു. അടുത്ത രണ്ടു മാസം സ്‌കൂള്‍ അവധി കൂടി വരുന്നതോടെ ചുരുങ്ങിയത് 20 ശതമാനമെങ്കിലും നിരക്ക് വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x