
റിയാദ്: സൗദിയിലെ ഫ്ലൈനാസ് കോഴിക്കോട്ടേക്ക് സര്‍വീസ് തുടങ്ങുന്നു. റിയാദില്‍ നിന്നും അടുത്ത മാസം 16 മുതലാണ് സര്‍വീസ്. ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസുകളുണ്ടാകും. ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് കണക്ഷന് ഫ്ലൈറ്റുകളുമുണ്ട്. സൗദി അറേബ്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനിയാണ് ഫ്ലൈനാസ്. കോഴിക്കോട്ടേക്കുള്ള ടിക്കറ്റുകള്‍ക്ക് ബുക്കിങ് ആരംഭിച്ചു.
തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളിലാണ് സര്‍വീസ്. പുലര്‍ച്ചെ 12.50 ന് റിയാദില്‍ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 8.35 ന് കരിപ്പൂരിലെത്തും. 9.25 ന് തിരിച്ച് പുറപ്പെട്ട് 12 ന് റിയാദിലെത്തും. ആദ്യം 545 റിയാലിന് വരെ ലഭ്യമായിരുന്ന ടിക്കറ്റുകള്‍ ഇപ്പോള്‍ 634 റിയാലിന് ലഭ്യമാണ്. 20 കിലോയാണ് സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ്. നിശ്ചിത സംഖ്യയടച്ചാല്‍ 30ഉം 40ഉം കിലോ കൊണ്ടു പോകാം.
നിലവില്‍ കരൂപ്പൂരിലേക്ക് സൗദി എയര്‍ലൈന്‍സും, എയര്‍ ഇന്ത്യാ എക്സ്പ്രസും, എയര്‍ ഇന്ത്യയുടെ കണക്ഷന് സര്‍വീസുമുണ്ട്. ഇടക്ക് ഫ്ലൈ ദുബായിയും സര്‍വീസ് നടത്തുന്നു. എയര്‍ ഇന്ത്യാ എക്സ്പ്രസിന് സമാനമാണ് ഫ്ലൈ നാസിന്റെ നിരക്കുകള്‍. ഇതോടെ കരിപ്പൂര്‍ സെക്ടറില്‍ മത്സരം മുറുകും. ഓഫറുകളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഫ്ലൈനാസിന്റെ സര്‍വീസ് പ്രവാസികള്‍ക്ക് മുതല്‍ക്കൂട്ടുമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.