Currency

സൗദി തണുത്തുറയുന്നു, താപനില പൂജ്യത്തില്‍ താഴെയാകുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Tuesday, January 19, 2021 12:34 pm

റിയാദ്: ചൊവ്വാഴ്ച മുതല്‍ അടുത്ത ശനിയാഴ്ച വരെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും താപനില പൂജ്യത്തില്‍ താഴെയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ മിക്ക വടക്കന്‍ പ്രദേശങ്ങളിലും കടുത്ത മൂടല്‍ മഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ -4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

അസീര്‍, അബ്ഹ, ജിസാന്‍, മക്ക, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയേറെയാണ്. അസീറില്‍ നേരിട്ടുള്ള ദേശ്യപരത കുറയുകയും അന്തരീക്ഷം മൂടുകയും ചെയ്യും. അബ്ഹ, അഹദ് റുഫൈദ, അല്‍നമാസ്, തനുമ, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിലും ഇതേ കാലാവസ്ഥയായിരിക്കും. അല്‍ ബാഹ, അല്‍-അഖീക്, അല്‍ ഖുറയാത്ത്, അല്‍-മന്തഖ്, ബല്‍ജുര്‍ഷി എന്നീ പ്രദേശങ്ങളിലും കാഴ്ചക്കുറവും മൂടല്‍മഞ്ഞും അനുഭവപ്പെടും.

തിരശ്ചീനമായ ദൃശ്യപരത കുറയുന്നതിനൊപ്പം മൂടല്‍ മഞ്ഞിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ ജിസാന്‍, അബു അരിഷ്, അദ്ദാഇര്‍, അല്‍ റീത്ത്, അല്‍ തുവാല്‍, ബീഷ്, സാമിത, സ്വബിയ എന്നിവയും ഉള്‍പ്പെടുന്നു. മക്കയിലും മൂടിയ കാലാവസ്ഥയാണ് ഉണ്ടാവുക. ഖുലൈസ്, ഖുന്‍ഫുദ, അല്ലൈത്ത്, റാബിക്, ജിദ്ദ എന്നിവിടങ്ങളില്‍ പൊടിയും ശക്തമായ കാറ്റും പ്രതീക്ഷിക്കാം.

ദൂരക്കാഴ്ച കുറയുന്നതോടൊപ്പം ശക്തമായ പൊടിയും കാറ്റും ഉണ്ടാകാനിടയുള്ള പ്രദേശമാണ് തബൂക്ക് മേഖല എന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മദീനയിലും ദൃശ്യപരത കുറയുന്നതോടൊപ്പം പൊടിയും കാറ്റും വീശും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x