
റിയാദ്: സൗദിയില്‍ സര്‍ക്കാര്‍ പദ്ധതികളുടെ കണ്‍സല്‍ട്ടന്‍സി കരാറുകള്‍ ഇനി പ്രാദേശിക കമ്പനികള്‍ക്ക് മാത്രം. ഇത്തരം കമ്പനികള്‍ക്ക് മാത്രമേ സര്‍ക്കാര്‍ പദ്ധതികള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിന് കരാര്‍ അനുവദിക്കാവൂ എന്നറിയിച്ച് വിഞ്ജാപനം പുറപ്പെടുവിച്ചു. രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ പദ്ധതികളുടെ കണ്‍സല്‍ട്ടന്‍സി കരാറുകള്‍ വിദേശ കമ്പനികള്‍ക്ക് അനുവദിക്കുന്നത് വിലക്കി കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്. സര്‍ക്കാര്‍ പദ്ധതികളുടെ മുഴുവന്‍ കണ്‍സല്‍ട്ടന്‍സി ജോലികളും ഇനി മുതല്‍ സ്വദേശി സ്ഥപനങ്ങള്‍ക്ക് മാത്രമായിരിക്കും അനുവദിക്കുക.
എന്നാല്‍ ആവശ്യമായ കണ്‍സല്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നതിന് പ്രാദേശിക സ്ഥാപനങ്ങള്‍ക്ക് കഴിയാതെ വന്നാല്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് യോഗ്യരായ വിദേശ സ്ഥാപനങ്ങളുടെ സഹായം തേടാന്‍ അനുവാദം നല്‍കുന്നുണ്ട്. ഓരോ വര്‍ഷവും കണ്‍സല്‍ട്ടന്‍സി ഇനത്തില്‍ ബില്യണ്‍ കണക്കിന് റിയാലാണ് സൗദി അറേബ്യ വിദേശ കമ്പനികള്‍ക്ക് നല്‍കുന്നത്. മന്ത്രിസഭാ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ രാജവിഞ്ജാപനം പുറപ്പെടുവിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.