Currency

പ്രവാസികളുടെ മൃതദേഹം എത്തിക്കാന്‍ സൗജന്യ ആംബുലന്‍സ്

സ്വന്തം ലേഖകന്‍Wednesday, June 27, 2018 11:45 am

ദുബായ്: വിദേശത്തു മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി വീട്ടിലെത്തിക്കുന്നതിന് പ്രത്യേക ആംബുലന്‍സ് സംവിധാനം വരുന്നു. ഒരു മാസത്തിനകം ആംബുലന്‍സ് സംവിധാനം യാഥാര്‍ഥ്യമാകുമെന്ന് നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി ഉറപ്പുനല്‍കിയതായി പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവ് അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.

പ്രവാസി മലയാളിയുടെ മരണ വിവരവും മൃതദേഹം നാട്ടില്‍ എത്തിക്കുന്ന സമയവും നോര്‍ക്ക ഉദ്യോഗസ്ഥരെ ആദ്യം അറിയിക്കണം. തുടര്‍ന്ന് ആംബുലന്‍സ് വീട്ടിലെത്തി, മരിച്ചയാളുടെ ബന്ധുക്കളെയും കൂട്ടി മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധപ്പെട്ട വിമാനത്താവളത്തിലേക്ക് പോകും. തുടര്‍ന്ന് വീട്ടിലെത്തിക്കും. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ സൗകര്യം ലഭ്യമാകും. ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.

ലോക കേരള സഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. പ്രവാസി മലയാളിയുടെ കേരളത്തിലെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് പ്രശ്‌നപരിഹാരം സാധ്യമാക്കുമെന്ന് പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റയും ഉറപ്പുനല്‍കിയതായി അഷ്‌റഫ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x