Currency

അബുദാബിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന

സ്വന്തം ലേഖകന്‍Friday, September 11, 2020 4:34 pm

അബുദാബി: 12 വയസ്സിന് മുകളിലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അബുദാബിയില്‍ സൗജന്യ കോവിഡ് പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രികളിലും അതത് സ്‌കൂളിലും ഇതിനായി സൗകര്യം ഒരുക്കും. പരിശോധനയില്‍ നെഗറ്റീവ് ആയ വിദ്യാര്‍ഥികള്‍ക്കു മാത്രമേ സ്‌കൂളിലേക്ക് പ്രവേശനമുണ്ടാകൂ.

രോഗലക്ഷണം കണ്ടെത്തുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. രോഗം സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിലേക്കു മാറ്റും. വീണ്ടും പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ സ്‌കൂളിലേക്കു പ്രവേശിപ്പിക്കൂ. വിദേശത്തുനിന്ന് എത്തുന്ന വിദ്യാര്‍ഥികളും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. എന്നാല്‍ ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജരാകാം. കോവിഡ് ലക്ഷണമുള്ളവരെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കള്‍ രേഖാമൂലം എഴുതിനല്‍കണം. ഈ മാസാവസാനമോ ഒക്ടോബര്‍ ആദ്യവാരമോ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെയും സ്‌കൂളില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അഡെക് വ്യക്തമാക്കി. കെജി മുതല്‍ അഞ്ചാം ക്ലാസ് വരെ 411 പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ മാസം 30ന് സ്‌കൂള്‍ തുറന്നിരുന്നു.

ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമില്ല. മാസ്‌ക് ധരിക്കുക, അകലം പാലിക്കുക, ഇടയ്ക്കിടെ കൈകള്‍ സാനിറ്റൈസ് ഉപയോഗിച്ച് വൃത്തിയാക്കുക, കൂട്ടംകൂടാതിരിക്കുക തുടങ്ങിയ നിബന്ധനകളും നേരിട്ടു പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ പാലിച്ചിരിക്കണം. ഓരോ ദിവസവും വിദ്യാര്‍ഥികളുടെ ശരീരോഷ്മാവും പരിശോധിക്കും. ഇതേസമയം കോവിഡ് പരിശോധനാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന പ്രഖ്യാപനം രക്ഷിതാക്കള്‍ക്ക് ആശ്വാസമായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x