Currency

അബൂദബിയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ പി.സി.ആര്‍ പരിശോധന നിര്‍ബന്ധം

സ്വന്തം ലേഖകന്‍Tuesday, February 16, 2021 5:13 pm

അബൂദബി: അബൂദബിയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി. 12 വയസിന് മേല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ നിശ്ചിത കാലയളവില്‍ തുടര്‍ച്ചയായി പരിശോധനക്ക് വിധേയമാകണം. സ്‌കൂളില്‍ പ്രവേശിക്കാന്‍ രക്ഷിതാക്കള്‍ക്കും പി.സി.ആര്‍ ഫലം നിര്‍ബന്ധമാകും.

സ്‌കൂളിന് അനുവദിക്കുന്ന പരിശോധന കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പി.സി.ആര്‍ പരിശോധന സൗജന്യമായിരിക്കും. മറ്റു കേന്ദ്രങ്ങളില്‍ പരിശോധനക്ക് പണം നല്‍കേണ്ടിവരും. സ്‌കൂളിന് അനുവദിച്ച കേന്ദ്രം ഏതാണെന്ന് അറിയാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ഭിന്നശേഷിക്കാരായി വിദ്യാര്‍ഥികള്‍ക്ക് പരിശോധന ആവശ്യമില്ല.

അധ്യാപകര്‍ 14 ദിവസം കൂടുമ്പോള്‍ പരിശോധന നടത്തണം. സ്‌കൂളില്‍ പ്രവേശിക്കണമെങ്കില്‍ രക്ഷിതാക്കള്‍ 96 മണിക്കൂറിനുള്ളിലെ പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരിക്കണമെന്നും അഡെക്കിന്റെ നിര്‍ദേശത്തില്‍ പറയുന്നു. ഒന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമായിരിക്കും. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒന്നര മീറ്റര്‍ അകലവും വേണം.

വിദേശയാത്ര കഴിഞ്ഞ് വരുന്ന വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള നിബന്ധനകള്‍ ബാധകമായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് വിദൂര വിദ്യാഭ്യാസം തെരഞ്ഞെടുക്കാന്‍ അവസരമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x