Currency

നൂതന സാങ്കേതിക വിദ്യ: മലയാളി ദമ്പതികള്‍ക്ക് ജി.സി.സി പേറ്റന്റ്

സ്വന്തം ലേഖകന്‍Wednesday, August 7, 2019 12:58 pm

സൗദി: എന്‍ജിനീയര്‍മാരായ മലയാളി ദമ്പതികള്‍ക്ക് ജി.സി.സി പേറ്റന്റ് ലഭിച്ചു. ഖരമാലിന്യ സംസ്‌കരണത്തിലൂടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന നൂതന സാങ്കേതിക വിദ്യക്കാണ് മലയാളി ദമ്പതികള്‍ക്ക് ജി.സി.സി പേറ്റന്റ് ലഭിച്ചത്. എറണാകുളം കളമശേരി സ്വദേശിയും ഗള്‍ഫിലെ പെട്രോകെയര്‍ കമ്പനി മേധാവിയുമായ മുഹമ്മദ് ഖാദറും ഭാര്യ സോഫിയയും ചേര്‍ന്നാണ് നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

മുഹമ്മദ് ഖാദര്‍ ജര്‍മന്‍ സര്‍വകലാശാലയില്‍നിന്ന് ഈ വിഷയത്തില്‍ ഉപരിപഠനം നടത്തുകയും ഇതിനായി ധാരാളം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മുഹമ്മദ് ഖാദറും സോഫിയയും 2016ല്‍ ഇറ്റലിയിലെ റോമില്‍ നടന്ന ലോക ജൈവോര്‍ജ സമ്മേളനത്തില്‍ വിഷയമവതരിപ്പിക്കുകയും എല്ലാവരുടെയും പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു. ‘ബയോ ഗ്യാസ് പ്ലാന്റും ബയോ ഗ്യാസ് ഉല്‍പാദിപ്പിക്കുന്ന രീതിയും’ എന്ന പ്രത്യേക വിഷയത്തിലാണ് ജി.സി 0009647 എന്ന പേറ്റന്റ് നമ്പറില്‍ 20 വര്‍ഷത്തെ അംഗീകാരപത്രം ഇവര്‍ക്ക് ലഭിച്ചത്.

ബയോ ഗ്യാസ് പ്ലാന്റിലേക്ക് മാലിന്യം സ്വീകരിക്കാനുള്ള സംവിധാനവും പ്രത്യേക രീതിയിലുള്ള ശുചിത്വ ടാങ്കും വൈദ്യുതി ഉല്‍പാദനവും അടങ്ങുന്ന പ്രൊജക്ടുകള്‍ പ്രകൃതിക്ക് ഏറെ നേട്ടം നല്‍കുന്നതാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x