Currency

സര്‍ക്കാര്‍ ചികിത്സാസൗകര്യം; പ്രവാസികളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കിയേക്കും

സ്വന്തം ലേഖകന്‍Wednesday, January 25, 2017 1:47 pm

മനാമ: സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചികിത്സാസൗകര്യങ്ങള്‍ ഉപയോഗിക്കുന്ന പ്രവാസികളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കിയേക്കും. എല്ലാ രംഗത്തുമുള്ള ചെലവ് ചുരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടി. വീട്ടുജോലിക്കാര്‍ക്കും തൊഴിലുടമ വാര്‍ഷിക ആരോഗ്യ ഫീസ് അടക്കാത്തവര്‍ക്കും ഡോക്ടറെ കാണാനുള്ള തുക വര്‍ധിപ്പിച്ചതിന് പിന്നാലെയാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹെല്‍ത്ത് സെന്ററുകളിലും മറ്റും കണ്‍സള്‍ട്ടേഷന്‍ ചാര്‍ജ് മൂന്ന് ദിനാറില്‍ നിന്ന് ഏഴുദിനാറാക്കി വര്‍ധിപ്പിച്ചത്.

ഇതനുസരിച്ച് പ്രവാസികള്‍ക്കുള്ള ലാബ്, എക്‌സ്‌റേ, റേഡിയോളജി, ഇതര പരിശോധനകളുടെ പുതുക്കിയ നിരക്കുപട്ടിക കാത്തിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം ഹെല്‍ത്ത് സെന്ററുകളുടെ ഡയറക്ടര്‍ സീമ സെയ്‌നല്‍ പറഞ്ഞു. തൊഴിലുടമകള്‍ വാര്‍ഷിക ആരോഗ്യസംരക്ഷണ ഫീസ് ഇനത്തില്‍ 72 ദിനാര്‍ അടച്ചവര്‍ക്ക് ഇത് ബാധകമാകില്ലെന്നും അവര്‍ വ്യക്തമാക്കി.

പുതിയ നിര്‍ദേശം ബാധകമാകുന്നവര്‍ക്ക് ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് മരുന്നും കിട്ടില്ല. അത് ഇവര്‍ സ്വന്തം നിലയില്‍ സ്വകാര്യ ഫാര്‍മസികളില്‍ നിന്ന് വാങ്ങണം. രാജ്യത്തെ 28 ഹെല്‍ത്ത് സെന്ററുകളില്‍ കഴിഞ്ഞ വെള്ളി മുതല്‍ പുതിയ നിരക്കാണ് ഈടാക്കുന്നത്. വിസ എടുക്കുന്ന സമയത്ത് തന്നെ കമ്പനികള്‍ ഹെല്‍ത്ത്‌കെയര്‍ ചാര്‍ജ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയില്‍ (എല്‍.എം.ആര്‍.എ) അടയ്‌ക്കേണ്ടതുണ്ട്.

പുതിയ ദേശീയ സാമൂഹിക ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നിലവില്‍ വരുന്നതോടെ വര്‍ധിപ്പിച്ച ഫീസ് എടുത്തുകളയുമെന്നും വാര്‍ത്തയുണ്ട്. ഈ പദ്ധതി പ്രകാരം തൊഴിലുടമകള്‍ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് തൊഴിലാളികള്‍ക്കായി അനുയോജ്യമായ പോളിസികള്‍ വാങ്ങേണ്ടതുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x