Currency

കുവൈറ്റിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധന; ശരാശരി ശമ്പളം 281 ദിനാർ

സ്വന്തം ലേഖകൻThursday, April 6, 2017 9:07 am

കുവൈറ്റി തൊഴിലാളികളുടെ എണ്ണത്തിൽ 3 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം വിദേശി തൊഴിലാളികളൂടെ എണ്ണമാകട്ടെ 6.5 ശതമാനവും വർധിച്ചു. വിദേശികൾക്ക് ലഭിക്കുന്ന ശരാശരി ശമ്പളം 281 ദിനാറാണ്. 1457 ദിനാറാണ് സ്വദേശികളൂടെ ശരാശരി ശമ്പളം.

കുവൈറ്റ് സിറ്റി: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട കഴിഞ്ഞ വർഷം അവസാനപാദത്തിലെ കണക്കുകൾ പ്രകാരം സ്വദേശികളെ അപേക്ഷിച്ച് കുവൈറ്റിൽ വിദേശി തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടിരട്ടി വർധന. 2015ൽ 18.6 ശതമാനമായിരുന്നു തൊഴിൽരംഗത്തെ സ്വദേശികളുടെ സാന്നിധ്യം. 2016 അവസാനത്തിൽ ഇത് 18.1 ശതമാനമായി കുറഞ്ഞു.

രാജ്യത്ത് തൊഴിൽ ചെയ്യുന്നവരിൽ 354,806 പേർ സ്വദേശികളാകുമ്പോൾ 1,610,575 പേർ വിദേശികളാണ്. സമീപകാലത്ത് കുവൈറ്റി തൊഴിലാളികളുടെ എണ്ണത്തിൽ 3 ശതമാനം വർധനയാണ് ഉണ്ടായത്. അതേസമയം വിദേശി തൊഴിലാളികളൂടെ എണ്ണമാകട്ടെ 6.5 ശതമാനവും വർധിച്ചു. സ്ത്രീകളായ തൊഴിലാളികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

നിലവിൽ കുവൈറ്റിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ലഭിക്കുന്ന ശരാശരി ശമ്പളം 281 ദിനാറാണ്. സ്വകാര്യമേഖലയിൽ 259 ദിനാറും പൊതുമേഖലയിൽ 643 ദിനാറും ശരാശരി ശമ്പളം വിദേശികൾക്ക് ലഭിക്കുമ്പോൾ, സ്വദേശിയുടേത് പൊതുമേഖലയിൽ 1457 ദിനാറും സ്വകാര്യമേഖലയിൽ 1378 ദിനാറുമാണ്. 1457 ദിനാറാണ് സ്വദേശികളൂടെ ശരാശരി ശമ്പളം. 

വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കണമെങ്കിൽ 600 ദിനാറും ആശ്രിത വീസയ്ക്ക് അപേക്ഷ നൽകണമെങ്കിൽ 400 ദിനാറും ശമ്പളം വേണമെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് സ്വകാര്യമേഖലയിൽ ശരാശരി ശമ്പളം അതിലും എത്രയോ കുറവാണെന്ന കാര്യം പുറത്തുവരുന്നത്.

വിദേശി തൊഴിലാളികളിൽ 10.5 ശതമാനമാണ് സർവകലാശാലാ ബിരുദമുള്ളവരെന്നും സെൻ‌ട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയിലെ ലേബർ മാർക്കറ്റിങ് ഇൻഫർമേഷൻ സിസ്റ്റം പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 49.5 ശതമാനം പേർ ഹൈസ്കൂൾ വിദ്യാ‍ഭ്യാസം ഇല്ലാത്തവരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x