
വാഷിംഗ്ടണ്‍: എച്ച് 1 ബി വിസയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെ പിന്തുണയ്ക്കുന്ന ബില്‍ യുഎസ് കോണ്‍ഗ്രസില്‍. എച്ച് 1 ബി വീസയ്ക്കുവേണ്ടിയുള്ള യോഗ്യതകളില്‍ മാറ്റം വരുത്തുന്ന പ്രൊട്ടക്ട് ആന്‍ഡ് ഗ്രോ അമേരിക്കന്‍ ജോബ്‌സ് ആക്ട് എന്ന നിയമഭേദഗതിയാണ് അവതരിപ്പിച്ചത്. എച്ച് 1 ബി വിസയുള്ളവരുടെ വാര്‍ഷിക വരുമാനം 1,00,000 ഡോളറാക്കണമെന്നും മാസ്റ്റേഴ്‌സ് ഡിഗ്രി യോഗ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ബില്‍ ആവശ്യപ്പെടുന്നു. തൊഴില്‍വീസയുമായി ബന്ധപ്പെട്ട ചൂഷണങ്ങളെ തടയുന്നതിനായി കലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗങ്ങളായ ഡാരല്‍ ഇസയും സ്‌കോട്ട് പീറ്റേഴ്‌സുമാണ് കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചത്.
പുതിയ ബില്‍ മേഖലയിലെ ചൂഷണങ്ങള്‍ തടയുമെന്നും കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികള്‍ക്കു ജോലി ലഭ്യമാക്കാന്‍ സഹായിക്കുമെന്നുമാണ് ഇവരുടെ വാദം. അമേരിക്കയിലെ പ്രമുഖ കമ്പനികള്‍ എച്ച് 1 ബി വിസയുടെ പോരായ്മകളെ ദുരുപയോഗം ചെയ്ത് അമേരിക്കന്‍ ജനതയ്ക്കു ജോലി നിഷേധിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമഭേദഗതി ഇവര്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്.
അമേരിക്കയുടെ മുന്നേറ്റത്തിനായി ലോകത്തിലെ ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികളെയാണ് വേണ്ടത്. പുതിയ നിയമം ലോകത്തെ മികച്ച ഉദ്യോഗാര്‍ഥികളെ അമേരിക്കയിലേക്ക് എത്തിക്കുന്നതോടൊപ്പം രാജ്യത്തെ സ്വന്തം ജനതയ്ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും ഇസ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.