Currency

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; എച്ച് 1ബി വിസ അപേക്ഷകളില്‍ നാലിലൊന്നും അമേരിക്ക നിരസിക്കുന്നു

സ്വന്തം ലേഖകന്‍Friday, November 1, 2019 3:28 pm

വാഷിങ്ടണ്‍: 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ) പുതിയ എച്ച് 1ബി വിസ അപേക്ഷകളില്‍ നാലിലൊന്നും നിരസിച്ചതായി യുഎസ് ബോഡി അറിയിച്ചു. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയുടെ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ നിന്നുള്ള എച്ച്1ബി ഡാറ്റയുടെ വിശകലനത്തിലാണ് 2015നെ അപേക്ഷിക്കിച്ച് നിരസിക്കല്‍ നിരക്ക് മൂന്ന് ഇരട്ടിയായി ഉയര്‍ന്നിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കയില്‍ എച്ച്1ബി പെര്‍മിറ്റില്‍ താമസിക്കുന്നവരില്‍ 70 ശതമാനവും ഇന്ത്യന്‍ പൗരന്മാരാണ്. ആഗോള സാങ്കേതിക കമ്പനികളില്‍ അമേരിക്കയില്‍ എച്ച്1ബി വിസയില്‍ ജോലി ചെയ്യുന്നവരില്‍ അധികവും ഇന്ത്യക്കാരാണ്. പുതിയ ചട്ടങ്ങളോ നിയമങ്ങളോ പാസാക്കാതെയാണ് യുഎസ് എച്ച് 1ബി വിസ അംഗീകാരത്തിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നും അപേക്ഷകള്‍ക്കുള്ള നിരക്കുകള്‍ വര്‍ദ്ധിച്ചിരിക്കുന്നതെന്നും എന്‍എഫ്എപി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റുവര്‍ട്ട് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

എച്ച് 1ബി വിസകളുടെ നിരസിക്കല്‍ നിരക്ക് 2015 സാമ്പത്തിക വര്‍ഷത്തില്‍ 6% ആയിരുന്നു. ഏറ്റവും കൂടുതല്‍ വിസ നിരസിക്കല്‍ നേരിടേണ്ടി വരുന്നത് ആദ്യമായി വിസയ്ക്ക് അപേക്ഷിക്കുന്നവരും ഐടി കമ്പനികളിലെ ജോലിയ്ക്കായി വിസയ്ക്ക് അപേക്ഷിക്കുന്നവരുമാണെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

കോഗ്‌നിസന്റിലെ 60 ശതമാനത്തിലധികം അപേക്ഷകളാണ് നിരസിച്ചിരിക്കുന്നത്, തൊട്ടുപിന്നാലെ കാപ്‌ജെമിനി, ആക്‌സെഞ്ചര്‍, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളുമുണ്ട്. 2018 ല്‍, മികച്ച ആറ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് വെറും 16% അല്ലെങ്കില്‍ 2,145 എച്ച് -1 ബി വര്‍ക്ക് പെര്‍മിറ്റുകള്‍ മാത്രമാണ് ലഭിച്ചത്. പ്രസിഡന്റ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ് കുടിയേറ്റ വിരുദ്ധ പരിഷ്‌കാരങ്ങള്‍. ഇത് നടപ്പിലാക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ അമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് മങ്ങലേക്കാല്‍ തുടങ്ങി. വര്‍ക്ക് പെര്‍മിറ്റിനായി യുഎസ് മാസ്റ്റര്‍ ബിരുദം നേടിയ അപേക്ഷകരെ തിരഞ്ഞെടുക്കുന്ന പുതിയ നിയമത്തിലേക്കും യുഎസ് മാറിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x