Currency

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; അറഫ സംഗമം നാളെ

സ്വന്തം ലേഖകന്‍Wednesday, August 30, 2017 11:55 am

വ്യാഴാഴ്ച അറഫയില്‍ സംഗമിക്കാനുള്ള തയ്യാറെടുപ്പിലാണ് 20 ലക്ഷത്തിലധികം തീര്‍ഥാടകര്‍. മലയാളികളുള്‍പ്പെടെ ഇന്ത്യന്‍ ഹാജിമാര്‍ രാത്രി എട്ടുമണിയോടെയാണ് നീങ്ങിത്തുടങ്ങിയത്. ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫ സംഗമം വ്യാഴാഴ്ചയാണ്.

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് ചടങ്ങുകള്‍ക്ക് തുടക്കം. ചൊവ്വാഴ്ച രാത്രി മുതല്‍ ഹജ്ജിന്റെ ലളിതവസ്ത്രമണിഞ്ഞ്, ലബ്ബൈക്ക ചൊല്ലി, കര്‍മഭൂമിയായ മിനാ താഴ്‌വരയിലേക്കുള്ള ഹാജിമാരുടെ പ്രവാഹം ശക്തമായി. വ്യാഴാഴ്ച അറഫയില്‍ സംഗമിക്കാനുള്ള തയ്യാറെടുപ്പിലാണ് 20 ലക്ഷത്തിലധികം തീര്‍ഥാടകര്‍. മലയാളികളുള്‍പ്പെടെ ഇന്ത്യന്‍ ഹാജിമാര്‍ രാത്രി എട്ടുമണിയോടെയാണ് നീങ്ങിത്തുടങ്ങിയത്.

ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫ സംഗമം വ്യാഴാഴ്ചയാണ്. ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കി ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്ന് എത്തിയ ലക്ഷക്കണക്കിന് വരുന്ന ഹാജിമാര്‍ മിനാ താഴ്‌വരയിലെത്തിക്കൊണ്ടിരിക്കുകയാണ്. മിനായിലേക്കുള്ള മുഴുവന്‍ വഴികളും തല്‍ബിയത്ത് മന്ത്രങ്ങളുമായി ഹാജിമാരെക്കൊണ്ട് നിറഞ്ഞു. അറഫ കഴിഞ്ഞ് ഒരു രാത്രി മുസ്ദലിഫയില്‍ ചെലവഴിച്ച്, വീണ്ടും നാലു ദിവസം മിനായിലെ തമ്പുകളില്‍ താമസിച്ചാണ് ഹാജിമാര്‍ മറ്റു കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക. ഭൂരിഭാഗം ഇന്ത്യന്‍ തീര്‍ഥാടകരും ഇതിനകം മിനായിലെത്തി കഴിഞ്ഞു. നാളെത്തെ അറഫാ ദിനത്തിലൊഴികെ ഹജ്ജ് അവസാനിക്കുന്ന ദുല്‍ഹജ്ജ് 13 വരെ തീര്‍ഥാടകര്‍ മിനായിലാണ് താമസിക്കുക.

ഇത്തവണ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാലു ലക്ഷത്തിലേറെ വിദേശ ഹാജിമാര്‍ അധികമുണ്ട് എന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി വ്യക്തമാക്കിയിരുന്നു. 9,30,000 പുരുഷന്മാരും 8,04,000 വനിതകളുമാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ബുധനാഴ്ച ഉച്ചവരെ ഹജ്ജിന് എത്തിയത്. ഇന്ത്യന്‍ ഹജ്ജ് സൗഹൃദസംഘത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും ബി.ജെ.പി വക്താവ് സയ്യിദ് മുസഫര്‍ ഇസ്‌ലാമും മക്കയിലെത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x