
മക്ക: അല്‍ ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായും പുനസ്ഥാപിച്ചു. കഴിഞ്ഞയാഴ്ച ജിദ്ദ- മദീന റൂട്ടില്‍ പുനസ്ഥാപിച്ച സര്‍വീസ് ഇന്നു മുതല്‍ മക്കയിലേക്കുമെത്തി. മക്കക്കും മദീനക്കുമിടയില്‍ ആറു വീതം ദിവസേന 12 സര്‍വീസുകളാണുണ്ടാവുക. തിങ്കള്‍, ചൊവ്വ ഒഴികെ ആഴ്ചയില്‍ 5 ദിവസങ്ങളിലും തുടര്‍ച്ചയായ സര്‍വീസുകളുണ്ടാവും.
രണ്ടര മാസങ്ങള്‍ക്കു മുമ്പ് ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷനിലുണ്ടായ വന്‍ അഗ്നിബാധയെത്തുടര്ന്നാണ് മക്ക-മദീന അല്‍ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്. തീപിടുത്തത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ സ്റ്റേഷനു പകരം, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിനടുത്ത് മറ്റൊരു റെയില്‍വേ സ്റ്റേഷന് പ്രവര്‍ത്തിപ്പിച്ച് കഴിഞ്ഞ ആഴ്ച മുതല്‍ സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു.
മദീനയില്‍ നിന്നും റാബഗ് വഴി ജിദ്ദയിലെ പുതിയ സ്റ്റേഷന് വരെയും തിരിച്ചുമായിരുന്നു സര്‍വീസുകള്‍. എന്നാല്‍ സര്‍വീസ് നിലവില്‍ മക്കയിലേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഇതോടെ മദീനയില്‍ നിന്നും മക്കയിലേക്കുള്ള സര്‍വീസുകള്‍ നേരത്തെ ഉണ്ടായിരുന്ന സ്ഥിതിയിലായിട്ടുണ്ട്. ഒരു ട്രിപ്പില്‍ 417 എന്ന കണക്കില്‍ ദിനേന 5000 യാത്രക്കാര്‍ക്ക് അല്‍ഹറമൈന്‍ ട്രെയിന്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് മദീന സ്റ്റേഷന് ഡയറക്ടര്‍ സഅദ് അല്‍ഷെഹ്രി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.