Currency

ആശുപത്രികളും ആരോഗ്യ പരിചരണ കേന്ദ്രങ്ങളും രോഗികള്‍ക്ക് വിശദമായ ബില്ല് നല്‍കണം

സ്വന്തം ലേഖകന്‍Wednesday, April 10, 2019 4:51 pm

അബൂദബി: എമിറേറ്റിലെ ആശുപത്രികളും ആരോഗ്യ പരിചരണ കേന്ദ്രങ്ങളും രോഗികള്‍ക്ക് വിശദമായ ബില്ല് നല്‍കണമെന്ന് ആരോഗ്യ വകുപ്പ്. ചികിത്സ, ലഭ്യമാക്കിയ സേവനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബില്ലാണ് രോഗികള്‍ക്ക് നല്‍കേണ്ടത്. എല്ലാ നിരക്കുകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഇത്തരം ബില്ലുകളുടെ പകര്‍പ്പ് ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍ സൂക്ഷിക്കുകയും വേണം. മേയ് ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

രോഗികള്‍ അവരുടെ അവകാശങ്ങളും കടമകളും മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും ആരോഗ്യ പരിചരണ സേവനങ്ങളെ കുറിച്ച്മൊത്തത്തില്‍ അവബോധം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ നയം. 2006 മുതല്‍ അബൂദബി എമിറേറ്റിലെ താമസക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. 99 ശതമാനം രോഗികളും അവരുടെ മെഡിക്കല്‍ ബില്ലുകള്‍ അടക്കുന്നത് ആരോഗ്യ ഇന്‍ഷുറന്‍സിലൂടെയാണ്.

അതുകൊണ്ടുതന്നെ മിക്ക ആരോഗ്യ പരിചരണ കേന്ദ്രങ്ങളും നിലവില്‍ ഇനം തിരിച്ചുള്ള ബില്ല് രോഗികള്‍ക്ക് നല്‍കുന്നില്ല. ഈ രീതിയാണ് മെയ് ഒന്നു മുതല്‍ മാറുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x