Currency

ഹൃദയാഘാതം: അടിയന്തരമായി ആശുപ്രത്രിയില്‍ പ്രവേശിപ്പിക്കുന്ന വിദേശികള്‍ക്ക് സൗജന്യ ചികിത്സ

സ്വന്തം ലേഖകന്‍Saturday, May 25, 2019 12:31 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹൃദയാഘാതം വന്ന് അടിയന്തരമായി ആശുപ്രത്രിയില്‍ പ്രവേശിപ്പിക്കുന്ന വിദേശികള്‍ക്കു ചികിത്സ സൗജന്യമാക്കി. ഹൃദയാഘാതം സംഭവിച്ചു ആശുപത്രിയിലെത്തുന്ന രോഗിക്ക് ചികിത്സിക്കുന്ന ഡോക്ടറുടെയും ആശുപത്രി മേധാവിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇളവ് നല്‍കുക. എല്ലാ വിഭാഗം വിദേശ തൊഴിലാളികള്‍ക്കും ഇളവ് ലഭിക്കും. ഗാര്‍ഹികത്തൊഴിലാളികള്‍ ഉള്‍പ്പെടെ പത്തോളം വിദേശി വിഭാഗങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നേരത്തെ തന്നെ ചികിത്സാഫീസ് ഒഴിവാക്കി നല്‍കിയിരുന്നു.

ആരോഗ്യമന്ത്രി ഷെയ്ഖ് ബാസില്‍ അസ്സ്വബാഹ് ആണ് അടിയന്തിര ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഹൃദ്രോഗികളെ മെഡിക്കല്‍ ഫീസില്‍നിന്ന് ഒഴിവാക്കി ഉത്തരവിറക്കിയയത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആരോഗ്യ മന്ത്രാലയ ജീവനക്കാര്‍, 12 ല്‍ താഴെ പ്രായമുള്ള കാന്‍സര്‍ ബാധിതരായ കുട്ടികള്‍, അഭയ കേന്ദ്രത്തിലെ അന്തേവാസികള്‍, സാമൂഹിക സുരക്ഷാ കേന്ദ്രത്തിലെ അന്തേവാസികള്‍, ജി.സി.സി പൗരന്മാര്‍, ബിദൂനികള്‍, രാജ്യത്തെത്തുന്ന ഔദ്യോഗിക സംഘത്തിലെ അംഗങ്ങള്‍, ട്രാന്‍സിസ്റ്റ് യാത്രക്കാര്‍, ജയിലുകളിലെ വിദേശ തടവുകാര്‍, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌റ്റൈപെന്റ് വാങ്ങി പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍, തുടങ്ങിയവയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സക്ക് അര്‍ഹതയുള്ള വിഭാഗങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x