Currency

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു

സ്വന്തം ലേഖകന്‍Tuesday, January 29, 2019 12:12 pm

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ജിദ്ദയടക്കം രാജ്യത്തെ പടിഞ്ഞാറന്‍ മേഖലകളിലാണ് ഇന്ന് നല്ല മഴ ലഭിച്ചത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നതിനാല്‍ അപകട മേഖലകളില്‍ നിന്ന് മാറി നില്‍ക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

ജിദ്ദ, മദീന, യാമ്പു, തബൂക്ക്, ബുറൈദ, അല്‍ജൗഫ് എന്നിവിടങ്ങളിലായിരുന്നു കനത്ത മഴ. ചിലയിടങ്ങളില്‍ മഴയോടൊപ്പം ഇടിയും അകമ്പടിയായെത്തി. പടിഞ്ഞാറന്‍ മേഖലകളില്‍ മഴ ഉണ്ടാവുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍കരുതലുകളെടുക്കാന്‍ സിവില്‍ ഡിഫന്‍സ് എസ്.എം.എസ് സന്ദേശങ്ങളും അയച്ചിരുന്നു. റോഡുകളില്‍ വെള്ളം കെട്ടിനിന്ന് പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. എന്നാല്‍ വിമാന, കപ്പല്‍ ഗതാഗതത്തെ മഴ കാര്യമായി ബാധിച്ചില്ല.

വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായി. മക്കയില്‍ നേരിയ ചാറ്റല്‍ മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടു. മദീനയില്‍ പല റോഡുകളിലും വെള്ളം കവിഞ്ഞൊഴുകി. നിരവധി വാഹനങ്ങള്‍ ശക്തമായ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയി.

മഴ തുടരുന്നതിനാല്‍ അല്‍ജൗഫിലെ പല താഴ്‌വരകളും കവിഞ്ഞൊഴുകി. സക്കാകയില്‍ മഴവെള്ളത്തില്‍ കുടുങ്ങിയ 28 പേരെ രക്ഷപ്പെടുത്തി. അതേസമയം റിയാദില്‍ കനത്ത പൊടിക്കാറ്റ് തുടരുകയാണ്. ഇവിടങ്ങളില്‍ തണുപ്പിന് നേരിയ കുറവുണ്ടെങ്കിലും അടുത്ത ദിവസങ്ങളില്‍ തണുപ്പ് കൂടാനാണ് സാധ്യത. ദമ്മാമില്‍ മികച്ച കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x