Currency

സൗദിയിലും യു.എ.ഇലും ശക്തമായ മഴ തുടരുന്നു; വിവിധയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു

സ്വന്തം ലേഖകന്‍Monday, November 26, 2018 12:57 pm

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ ആരംഭിച്ച മഴയില്‍ റോഡുകളും അണ്ടര്‍പാസുകളും വെള്ളകെട്ടുകളായി. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്ത് രണ്ടാഴ്ചയായി കൂടിയും കുറഞ്ഞും തുടരുന്ന മഴ വീണ്ടും ശക്തമാവുകയാണ്. കിഴക്കന്‍ പ്രവിശ്യയിലാണ് ശക്തമായ മഴ ലഭിച്ചത്. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മഴ ഉച്ചവരെ തുടര്‍ച്ചയായി പെയ്തു. ദമ്മാം, അല്ഖോബാര്‍, ജുബൈല്‍ തുടങ്ങി പ്രവിശ്യയിലെ മിക്കയിടങ്ങളിലും ശക്തമായ ഇടി മിന്നലോടു കൂടിയ മഴയാണ് പെയ്തത്. റോഡുകളിലും അണ്ടര്‍പാസുകളിലും വെള്ളം നിറഞ്ഞതോടെ മിക്ക ഹൈവേകളിലും ഗതാഗത തടസ്സം നേരിട്ടു.

മഴ ശക്തമായതോടെ പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ച മുതല്‍ അവധി നല്‍കി. മിക്ക സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഉച്ചക്കു ശേഷം അവധി നല്‍കി. പടിഞ്ഞാറന്‍, മധ്യ പ്രവിശ്യകളില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വരുന്ന രണ്ടു ദിവസങ്ങളില്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തമ്പടിക്കുന്നതും ദീര്‍ഘദൂര യാത്രയും ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് കാലവര്‍ഷകെടുതിയില്‍ ഇതുവരെയായി മുപ്പത്തിയഞ്ച് ജീവനുകളാണ് പൊലിഞ്ഞത്.

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. ദുബായില്‍ വലിയ തോതില്‍ ഗതാഗത തടസത്തിനും മഴ കാരണമായി. അടുത്ത ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x