
റിയാദ്: സൗദിയില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന മക്ക- മദീന അല്‍ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ബുധനാഴ്ച പുനരാരംഭിച്ചേക്കും. ജിദ്ദ സ്റ്റേഷനിലുണ്ടായ അഗ്നിബാധയെത്തുടര്ന്നായിരുന്നു ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരുന്നത്. ജിദ്ദ വിമാനത്താവളത്തിനടുത്തു പുതുതായി തുറന്ന റെയില്‍വേ സ്റ്റേഷന് പ്രവര്‍ത്തിപ്പിച്ചാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.
രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് ജിദ്ദയിലെ പ്രധാന സ്റ്റേഷനായിരുന്ന സുലൈമാനിയ സ്റ്റേഷന് വന്‍അഗ്നിബാധയില്‍ കത്തിനശിച്ചത്. ഇതിനെത്തുടര്‍ന്നായിരുന്നു മക്ക-മദീന അല്‍ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. തീപിടുത്തത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ സ്റ്റേഷനു പകരം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിനടുത്ത് മറ്റൊരു റെയില്‍വേ സ്റ്റേഷന് പ്രവര്‍ത്തിപ്പിച്ചാണ് സര്‍വീസ് വീണ്ടും പുനരാരംഭിക്കുന്നത്. ബുധനാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് അല്‍ ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ റയാന് അല്‍ഹര്‍ബി അറിയിച്ചു.
തുടക്കത്തില്‍ മദീനയില്‍ നിന്നും റാബഗ് വഴി ജിദ്ദയിലെ പുതിയ സ്റ്റേഷന് വരെയും തിരിച്ചുമായിരിക്കും ട്രെയിന്‍ സര്‍വീസുകളുണ്ടാവുക. സര്‍വീസുകള്‍ മക്കയിലേക്ക് നീട്ടുന്നതിനായി ഒരാഴ്ചകൂടി കാത്തിരിക്കേണ്ടിവരും. ആഴ്ചയില്‍ തിങ്കള്‍, ചൊവ്വ ഒഴികെ 5 ദിവസങ്ങളില്‍ തുടര്‍ച്ചയായ സര്‍വീസുകളുണ്ടാവും. ദിവസേന 5 വീതമായിരിക്കും മദീനക്കും ജിദ്ദക്കുമിടയില്‍ സര്‍വീസുകള്‍ നടത്തുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.