റിയാദ്: സൗദിയില്‍ കഴിഞ്ഞ വര്‍ഷം വിദേശികള്‍ക്കനുവദിച്ച തൊഴില്‍ വിസയില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധിയും സൗദിവത്കരണവും വിസകള്‍ കുറയാന്‍ കാരണമായി. അനുവദിച്ച പല വിസകളും പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റേയും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേയും റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2020ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ അനുവദിച്ച തൊഴില്‍ വിസകളില്‍ 57.8 ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെ ഏകദേശം 4,46,000 തൊഴില്‍ വിസകളാണ് അനുവദിച്ചത്. എന്നാല്‍ 2019 ലെ ഇതേ കാലയളവില്‍ 10,57,315 വിസകള്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ പുകുതിയില്‍ തന്നെ തൊഴില്‍ വിസകള്‍ അനുവദിക്കുന്നതില്‍ 32.8 ശതമാനത്തിന്റെ കുറവുണ്ടായി. മാത്രവുമല്ല മൊത്തം വിസയുടെ 59 ശതമാനം വരുന്ന സ്വകാര്യ മേഖലക്ക് അനുവദിക്കുന്ന വിസകളും 21 ശതമാനം കുറഞ്ഞിട്ടുണ്ട്.
2019 ന്റെ രണ്ടാം പാദത്തില്‍ 3,07,000 വിസകള്‍ സ്വകാര്യ മേഖലക്ക് അനുവദിച്ചിരുന്നു. എന്നാല്‍ 2020ല്‍ ഇതേ കാലയളവില്‍ അനുവദിച്ചത് വെറും 32,000 വിസകളാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ 72,440 വിസകളാണ് ആകെ അനുവദിച്ചത്. അതില്‍ 45,000 ത്തിലേറെ വിസകള്‍ പ്രയോജനപ്പെടുത്താനായില്ല. കോവിഡ് വ്യാപനവും, അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും, വിവിധ മേഖലകളില്‍ നടപ്പിലാക്കി വരുന്ന സൗദിവല്‍ക്കരണവും ഇതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.