
അബൂദബി: യു.എ.ഇയില്‍ ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇനി പ്രത്യേക വര്‍ക്ക് പെര്‍മിറ്റിനു കീഴില്‍ ജോലി ചെയ്യാം. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുന്നതാണ് തീരുമാനം. സ്ത്രീകള്‍ക്കും കുടുബത്തെ പൂര്‍ണ്ണമായി സ്‌പോണ്‌സര്‍ ചെയ്യാം എന്ന നിയമം പ്രാബല്യത്തില്‍ വന്നതോടെയാണ് ഭര്‍ത്താക്കന്‍മാര്‍ക്കും ജോലി ചെയ്യാന്‍ അവസരമൊരുങ്ങുന്നത്. മാനവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭാര്യക്ക് മാത്രമാണ് ഇതുവരെയും പ്രത്യേക വര്‍ക്ക് പെര്‍മിറ്റെടുത്ത് ജോലി ചെയ്യാന്‍ അവസരം ലഭിച്ചിരുന്നത്. വീസകളില്‍ നോട്ട് ഫോര്‍ വര്‍ക്ക് എന്ന് സ്റ്റാംപ് ചെയ്യുമെങ്കില്‍ കൂടി മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അനുമതിയുടെ പുറത്ത് സ്ഥാപനത്തിന് സ്ത്രീകളെ ജോലിക്ക് നിയമിക്കാന്‍ അനുമതിയുണ്ട്. പുതിയ നിയമപ്രകാരം ഈ ആനുകൂല്യം ഇനി ഭര്‍ത്താക്കന്മാര്‍ക്കും ലഭ്യമാകും.
മാനവശേഷി സ്വദേശിവല്‍കരണ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഭാര്യയുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭര്‍ത്താക്കന്മാരെ ജോലിക്കു വെക്കാന്‍ സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ അനുമതി നല്‍കി. നിയമപ്രകാരം വര്‍ക്ക് പെര്‍മിറ്റ് നല്‍കി തുടങ്ങിയതായും മന്ത്രാലയം അറിയിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നതാണ് ഇതു മുഖേന ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സെയ്ഫ് അഹ്മദ് അല്‍ സുവൈദി പറഞ്ഞു.
കമ്പനികള്‍ക്കും ഗുണകരമായിരിക്കും തീരുമാനം. വിസയ്ക്കായി 300 ദിര്‍ഹം ചെലവാക്കി രണ്ടു വര്‍ഷത്തേക്കുള്ള വര്‍ക് പെര്‍മിറ്റ് മാത്രം എടുത്താല്‍ മതി എന്നതാണ് കമ്പനിക്കാരുടെ ആകര്‍ഷണം. ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് മറ്റു തൊഴിലിലേക്ക് മാറുന്നതിനും നിയമ തടസമുണ്ടാകില്ല. കാലാവധിക്കുശേഷം തുല്യ കാലയളവിലേക്ക് വിസ പുതുക്കുകയും ചെയ്യാം. വര്‍ക് പെര്‍മിറ്റിനുള്ള തുക സ്‌പോണ്‍സറാണ് വഹിക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.