Currency

കുവൈത്തില്‍ അനധികൃത താമസക്കാരെ പിടികൂടാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നു

സ്വന്തം ലേഖകന്‍Monday, July 9, 2018 11:11 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമം ലംഘിച്ചു കഴിയുന്നവരെ പിടികൂടാന്‍ ആഭ്യന്തരമന്ത്രാലയം പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നു. പൊതു മാപ്പ് പൂര്‍ത്തിയായ ശേഷവും ഒരു ലക്ഷത്തിലേറെ അനധികൃത താമസക്കാര്‍ അവശേഷിക്കുന്നത് ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. താമസരേഖകള്‍ ഇല്ലാതെ വിദേശികള്‍ രാജ്യത്തു തുടരുന്ന പ്രതിഭാസത്തിനു എന്ത് വിലകൊടുത്തും അറുതിയുണ്ടാക്കണമെന്ന നിലപാടിലാണ് ആഭ്യന്തര മന്ത്രാലയം.

നിശ്ചിത സമയത്തനുള്ളില്‍ രാജ്യത്തെ മുഴുവന്‍ അനധികൃത താമസക്കാരെയും പിടികൂടുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ സേനാ വിഭാഗങ്ങളുടെ സഹായത്തോടെ രാജ്യമൊട്ടുക്കും കര്‍ശനമായ പരിശോധനകള്‍ ഉണ്ടാകുമെന്നാണ് സൂചന. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇസാം അല്‍ നഹാമിന്റെ നേതൃത്വത്തിലാണ് അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഒരുങ്ങുന്നത്.

സ്വകാര്യ പാര്‍പ്പിട മേഖലയില്‍ നിന്ന് ബാച്ചിലര്‍മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളും സമാന്തരമായി ഉണ്ടാകും. നിയമ നടപടികള്‍ ഒഴിവാക്കുന്നതിനായി താമസ നിയമം ലംഘിക്കുന്നവര്‍ക്ക് അഭയം നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നു സ്വദേശികളോടും വിദേശികളോടും അധികൃതര്‍ നിര്‍ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x